തിരുവനന്തപുരം: കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. നിർമ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം ഉടൻ അറിയിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.
സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അമ്മ സംഘടനയുടെ യോഗം കഴിഞ്ഞയാഴ്ച കൊച്ചിയിൽ ചേർന്നു. ഈ യോഗത്തിലെ തീരുമാനങ്ങൾ അംഗങ്ങളെ അറിയിക്കാൻ അയച്ച കത്തിലാണ് പ്രതിഫലം കുറയ്ക്കാൻ സംഘടന തയ്യാറാണെന്ന് സംഘടന വ്യക്തമാക്കിയത്. അമ്മയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം.