ഇഡ്ഡലി , ഇടിയപ്പം, പുട്ട് എന്നിങ്ങനെ ആവിയിൽ തയ്യാറാക്കുന്ന ആഹാര പദാർത്ഥങ്ങൾക്ക് മലയാളിയുടെ ഊൺ മേശയിൽ എന്നും ഒരു സുപ്രധാന സ്ഥാനം ഉണ്ട്.
ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ വേഗം ദഹിക്കുന്നതിന് സഹായിക്കുന്നു. ചെറിയ കുട്ടികൾക്കും, പ്രായമുള്ളവർക്കും, ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും, പ്രത്യേകിച്ച് ചെറുകുടലിലും വൻകുടലിലും കാൻസർ, അൾസർ ഉള്ളവർക്കും ഇത് കഴിക്കാം. ഈ പാചകരീതിയിൽ എണ്ണയുടെ അംശം കുറവായതിനാൽ ഹൃദ്രോഗമുള്ളവർക്കും, പ്രമേഹമുള്ളവർക്കും ഉയർന്ന രക്തസമ്മര്ദം ഉള്ളവർക്കും കഴിക്കാം.
ഗുണങ്ങൾ
ഭക്ഷണ പദാർത്ഥങ്ങളിൽ ജലാംശം നഷ്ടപ്പെടില്ല.
ആവിയിൽ ഭക്ഷണം മൃദുവാകുന്നതിനാൽ എളുപ്പം ദഹിക്കുന്നു .
മറ്റു പാചക രീതിയെ അനുസരിച്ച് 40 % വിറ്റാമിൻ സിയെ നഷ്ടപ്പെടുന്നുള്ളൂ. മറ്റു പാചക രീതിയിൽ 70 % നഷ്ടപ്പെടുന്നു.
എണ്ണ ചേർക്കാതെ പാകം ചെയ്യാൻ സാധിക്കുന്നതിനാൽ ഇത് കൊളസ്‌ട്രോൾ കുറക്കാൻ സഹായിക്കുന്നു.
വെള്ളത്തിൽ ലയിക്കുന്ന ബി കോംപ്ലക്സ് വിറ്റാമിനുകളുടെ (ബി1, ബി2, ബി6, ബി12) പാചക നഷ്ടം കുറയ്ക്കാൻ സഹായിക്കുന്നു.
ഇരുമ്പ്, സിങ്ക് ഇവയുടെ ആഗിരണത്തെ തടയുന്ന ഓക്സലേറ്റ്, ഫൈറേറ്റ് ഇവയെ 75 % ത്തോളം നിർവീര്യമാക്കാൻ സഹായിക്കുന്നു.
പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളം തിളച്ചതിനു ശേഷം മാത്രം ഭക്ഷണ പദാർത്ഥങ്ങൾ വേവിക്കാൻ വയ്ക്കുക.
വെള്ളം ഒരിക്കലും ഭക്ഷണ പദാർത്ഥത്തിൽ മുട്ടരുത്.
പാത്രം ഇടയ്ക്കിടക്ക് തുറന്നു നോക്കരുത്. ഇത് പാചക സമയം കൂട്ടുന്നതിനും, പോഷക മൂല്യം കുറയുന്നതിനും കാരണമാകും.
ആവിയിൽ ഭക്ഷണ പദാർത്ഥങ്ങൾ വേവിക്കുമ്പോൾ നിരത്തി വയ്ക്കുക. ഇത് പാചക സമയം കുറയ്ക്കുന്നതിന് സഹായിക്കും.
പ്രഷർ കുക്കർ ഉപയോഗിക്കുന്നത്, പാചക സമയവും, ഇന്ധനവും ലാഭിക്കുന്നതിനും, കൂടാതെ പോഷക നഷ്ടം കുറക്കാനും സഹായിക്കും.
എണ്ണയിൽ പാകം ചെയ്യുന്നതിന് മുൻപ് മൽസ്യ മാംസാദികളും പച്ചക്കറികളും ആവിയിൽ വേവിക്കുന്നത് എണ്ണയുടെ ഉപയോഗം കുറയ്ക്കും.