രുചിയുടെ ഭൂപടത്തിൽ പാലക്കാടിനെ വേറിട്ട് അടയാളപ്പെടുത്തിയിരിക്കുന്ന ഇടമാണ് രാമശ്ശേരി. ഭക്ഷണ പ്രിയർക്ക് മുന്നിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടാത്ത ഒരൈറ്റം…ഇഡലികളിലെ രാജാവ് എന്നറിയപ്പെടുന്ന രാമശ്ശേരി ഇഡലിയുടെ നാട്… രുചിയിലും കൂട്ടിലും മാത്രമല്ല, രൂപത്തിൽ തന്നെ വ്യത്യസ്തമാണ് രാമശ്ശേരി ഇഡലി. കൈപ്പുണ്യം കൊണ്ടു മാത്രം ഭക്ഷണ പ്രേമികളെ കൊതിപ്പിക്കുന്ന രാമശ്ശേരി ഇഡലിയുടെയും രാമശ്ശേരിയുടെയും വിശേഷങ്ങൾ.
കാര്യം കേരളത്തിലെ പാലക്കാട് ആണ് രാമശ്ശേരിയെങ്കിലും അതിർത്തി കടന്നുവന്ന രുചിയാണ് രാമശ്ശേരി ഇഡലിയുടേത്. തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും രാമശ്ശേരിയിലേക്കു താമസം വന്ന മുതലിയാർ കുടുംബമാണ് മലയാളികൾക്ക് ഈ ഇഡലിയുടെ രുചി പകർന്നു നല്കിയത്. കെട്ടിലും മട്ടിലും രുചിയും രൂപത്തിലും എല്ലാം കണ്ടുവന്നതിൽ നിന്നും വ്യത്യസ്തമാണ് രാമശ്ശേരി ഇഡലിക്കുള്ളത്. മുതലിയാർ കുടുംബം അന്നു പരിചയപ്പെടുത്തിയ അതേ രുചിക്കൂട്ടാണ് ഇവിടെ ഇന്നും പിന്തുടരുന്നത്.
സ്ഥിരം കണ്ടുവരുന്ന ഇഡലിയുടെ രൂപത്തിൽ നിന്നും നല്ല മാറ്റമുണ്ട് രാമശ്ശേരി ഇഡലിക്ക്. തട്ടുദോശയുടെ പോലെ , കട്ടികൂടിയ രൂപമാണ് ഈ ഇഡലിക്ക്. എന്നാൽ ഒരു കഷ്ണം വായിലേക്ക് എടുത്തു വച്ചാൽ രൂപത്തിലെ മാറ്റമെല്ലാം മാറും. വായിലൂടെ മെല്ലെയിറങ്ങിപ്പോകുന്ന ഇതിന്റെ രുചി ശരിക്കും മറ്റൊന്നാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും തേടിപ്പോകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
കാഞ്ചീപുരത്തു നിന്നും രാമശ്ശേരിയ്ക്കു വന്ന മുതലിയാർ കുംടുംബത്തിലെ ചിറ്റൂരി എന്ന സ്ത്രീയാണ് ഇവിടെ ഇഡലി തയ്യാറാക്കാന് തുടങ്ങിയത്. പരമ്പരാഗതമായി നെയ്ത്തുകാർ ആയിരുന്നുവെങ്കിലും അതിൽ നിന്നും വരുമാനം കുറഞ്ഞതോടെയാണ് ഇഡലിയിലേക്ക് കടക്കുന്നത്. എന്നാൽ മുതലിയാർ കുടുംബത്തിലെ വളരെ കുറച്ച് ആളുകള്‍ക്കു മാത്രമേ ഇന്നും ഇതിന്റെ യഥാർഥ കൂട്ടും നിർമ്മാണ രഹസ്യവും അറിയുകയുള്ളൂ. പാലക്കാടൻ പൊന്നി അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ ബാക്കി ചേരുവകൾ മറ്റാർക്കും അറിയില്ല. പലരും പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
തട്ടുതട്ടായി പ്രത്യേകമായി നിർമ്മിച്ചെടുത്ത മൺപാത്രത്തിലാണ് രാമശ്ശേരി ഇഡലിയുടെ പാചകം. ഒരു പാത്രത്തിൽ വെള്ളം നിറച്ച് മണ്‍പാത്രത്തിന്റെ വായ ഭാഗത്ത് വലപോലെയുള്ള തുണി ബലമായി കെട്ടി അതില്‍ ഇഡലി മാവ് ഒഴിച്ച് മറ്റൊരു മണ്‍ പാത്രം കൊണ്ട് അടച്ചു മൂടി ആവിയില്‍ പുഴുങ്ങിയാണ് രാമശ്ശേരി ഇഡ്ഡലി നിര്‍മ്മിക്കുക. ഒറ്റത്തവണ മൂന്ന് അടുക്കുകളിൽ ഇഡലി നിർമ്മിക്കാം. വിറകടുപ്പിൽ മാത്രമാണ് ഈ ഇഡലി നിർമ്മിക്കുന്നത്.
കൂടെ കഴിക്കുവാൻ മറ്റെന്തെല്ലാം ഉണ്ടെങ്കിലും രാമശ്ശേരി ഇഡലിയുടെ ബെസ്റ്റ് കോംബോ ഇഡലിപ്പൊടി തന്നെയാണ്. കൂടെയുള്ള ചമ്മന്തിയെയും സാമ്പാറിനെയും ഒക്കെ കടത്തിവെട്ടുന്ന രുചിയാണ് ഇഡലിപ്പൊടിയ്ക്ക്, അരി വറുത്തത് , കുരുമുളക് , ഉഴുന്ന് പൊടി, വറ്റല്‍ മുളക് എന്നിവചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയാണ് ഇഡലിപ്പൊടി എന്നറിയപ്പെടുന്നത്. വെളിച്ചെണ്ണ ചാലിച്ചാണ് ഇത് ഇഡലിക്കൊപ്പം കഴിക്കേണ്ടത്.
പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി സ്ഥിതി ചെയ്യുന്നത്.