കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍. വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍ഡിഎഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അതുപരിഹരിക്കുമെന്നും കാനം പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവന്‍ എന്ന നിലയിലാണ്. സ്വര്‍ണ്ണം ആര് അയച്ചു, ആര് സ്വീകരിച്ചു തുടങ്ങിയവയെല്ലാം അന്വേഷിക്കണം. എന്നാല്‍ അതുനടക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. സ്വര്‍ണ്ണക്കടത്തുമായി സര്‍ക്കാരിന് ബന്ധമുണ്ട് എന്ന രീതിയില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. കുറ്റവാളികളെ ശിക്ഷിക്കട്ടെ,
അതിന് ആരും എതിരല്ലെന്നും കാനം പറഞ്ഞു.
അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയത്ത് മുന്നണികളില്‍ തര്‍ക്കം തുടരുകയാണ്.പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് വീട്ടു കൊടുക്കുന്നതിനെതിരെ സിപിഐ രംഗത്തുവന്നതാണ് എല്‍ഡിഎഫില്‍ പ്രതിസന്ധിക്ക് കാരണം. സീറ്റ് വിഭജനത്തില്‍ കോട്ടയത്തെ എല്‍ഡിഎഫില്‍ ഭിന്നതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തുറന്നടിച്ചിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്.
ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സിപിഐയും സിപിഎമ്മും വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്നും സ്റ്റീഫന്‍ ജോര്‍ജ്ജ് പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് അതേ നയം അവരും സ്വീകരിക്കണം. സിപിഐയും സിപിഎമ്മും സീറ്റുകള്‍ വിട്ടു തരാന്‍ തയ്യാറാവണമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.