പള്ളി തർക്കം: സർക്കാരിന്റെ ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിന്മാറി ഓർത്തഡോക്സ് സഭ

0
77

കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും പിന്‍മാറുന്നതായി ഓര്‍ത്തഡോക്സ് സഭ അറിയിച്ചു. ഒറ്റപ്പെട്ട ചര്‍ച്ചകള്‍ ഒന്നിനും പരിഹാരമല്ലെന്നും യാക്കോബായ സഭ ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്നും ആരോപിച്ചാണ് ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചകളില്‍ നിന്നും പിന്മാറുന്നത്.

 

മുഖ്യമന്ത്രിയുമായ നടത്തിയ ചര്‍ച്ചയിലെ മിനിട്സിന് വിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്. 1934-ലെ വിധി അംഗീകരിച്ചെങ്കില്‍ മാത്രമേ ചര്‍ച്ച കൊണ്ട് കാര്യമുള്ളൂ എന്നാണ് മുഖ്യമന്ത്രിയെ സഭ അറിയിച്ചത്. കോടതി വിധി നടപ്പാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ട്.എല്ലായിടത്തും ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത് യാക്കോബായ പക്ഷമാണ്.

 

ഒറ്റപ്പെട്ട ചര്‍ച്ചകള്‍ ഒന്നിനും പരിഹാരമല്ല. കോടതി തീരുമാനം നടപ്പാക്കിയ ശേഷം മാത്രമേ ഇനി ഓര്‍ത്തഡോക്സ് സഭ ചര്‍ച്ചയ്ക്ക് തയ്യാറുള്ളൂ. യാക്കോബായ സഭ ചര്‍ച്ചകള്‍ക്ക് തുരങ്കം വയ്ക്കുന്ന സാഹചര്യമാണുള്ളത്. ഉദ്യോഗസ്ഥര്‍ ചെയ്യുന്നതൊന്നും മുഖ്യമന്ത്രി കാണുന്നില്ലേയെന്നാണ് സംശയം.

 

എറണാകുളം ജില്ലാ കളക്ടര്‍ കൊവിഡുമായി ബന്ധപ്പെട്ട് നല്‍കിയ സത്യവാങ്മൂലം വലിയ തമാശയാണെന്നും കോതമംഗംലം പള്ളിയില്‍ ഉണ്ടായ ആള്‍ക്കൂട്ടം കളക്ടര്‍ കണ്ടില്ലേയെന്നും ഓര്‍ത്തഡോക്സ് സഭ വിമര്‍ശിക്കുന്നു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഓര്‍ത്തഡോക്സ് സഭ പറഞ്ഞ പല കാര്യങ്ങളുമില്ലെന്നും യാക്കോബായ സഭ പറഞ്ഞ കാര്യങ്ങള്‍ ആണ് കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പരാതിപ്പെടുന്നു.

 

മുഖ്യമന്ത്രിയുടെ അറിവോടെയാണോ സത്യവാങ്മൂലം നല്‍കിയത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം കോതമംഗലം പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ്ഹര്‍ജിയിലെ ആവശ്യം.

 

സഭ തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള 2017ലെ സുപ്രീം കോടതി വിധി കോതമംഗലം പള്ളിക്ക് ബാധകമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ചേക്കും. കോതമംഗലം ചെറിയപള്ളി ഇടവകക്കാരായ യാക്കോബായ വിശ്വാസികളാണ് ഹര്‍ജിക്കാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here