ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരിസില്‍ ഇടം നേടി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ. വോഗ് ഇന്ത്യയുടെ പുതിയ പതിപ്പിന്റെ കവര്‍ ചിത്രവും മന്ത്രി കെ. കെ. ശൈലജയുടേതാണ്. ഒപ്പം പ്രത്യേക അഭിമുഖവും.
പ്രതിസന്ധി ഘട്ടങ്ങളെ നേരിടുന്നതില്‍ ലോകത്തെ വനിതാ നേതാക്കളുടെ മികവിനെക്കുറിച്ചാണ് വോഗ് മാസിനിലെ ഫീച്ചറുകള്‍. നിപ്പ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ഇന്ത്യ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജയെ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഭയപ്പെടാന്‍ സമയം ഇല്ല, ഭയത്തേക്കാളുപരി ഈ പ്രതിസന്ധിയില്‍ ഇടപെടാന്‍ ആവേശമായിരുന്നുവെന്ന് കെ.കെ ശൈലജ വോഗിനോട് പറയുന്നു. ഇതിനോടകം നിരവധി പേര്‍ മന്ത്രിക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. വോഗ് മാഗസിന്റെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.കെ. ശൈലജയെ അഭിനന്ദിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളികള്‍ക്ക് ആകെ അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്. കേരളത്തിന്റെ ആരോഗ്യരംഗം പ്രതിസന്ധികള്‍ നേരിട്ട വേളകളിലെല്ലാം തന്നെ അതിനെയെല്ലാം തരണം ചെയ്യുവാന്‍ കാര്യക്ഷമമായ പാടവത്തോടെ നേതൃത്വം നല്‍കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വ്യക്തിഹത്യ കൊണ്ട് രാഷ്ട്രീയ എതിരാളികള്‍ നേരിടാന്‍ ശ്രമിച്ചപ്പോഴും തളരാതെ പുഞ്ചിരിയോടെ മുന്നോട്ട് പോകുവാനും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറുപടി നല്‍കുവാനും ടീച്ചര്‍ക്ക് സാധിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.