ന്യൂഡല്‍ഹി : അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ, അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കാനുള്ള ശ്രമത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കേന്ദ്രത്തിന്റെ ഈ നീക്കത്തെ എതിര്‍ത്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. പുതിയ ബൈഡന്‍- കമല ഹാരിസ് സര്‍ക്കാരിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സ്വാമി ട്വിറ്റര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു.
പുതിയ യു എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസ്, അവര്‍ പ്രത്യയശാസ്ത്രപരമായി ‘ഹിന്ദു ദേശീയത’ ക്കെതിരാണ്.ഇതാകട്ടെ ബിജെപി നിലപാടിന് വിരുദ്ധമാണ്.
പുതിയ പ്രസിഡന്റ് ജോ ബൈഡനും കമല ഹാരിസിന്റെ നിലപാടിന് പിന്നാലെയാകും പോകുക. അതിനാല്‍ മോദി അത്മനിര്‍ഭര്‍ ഭാരത് പ്രാവര്‍ത്തികമാക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.