ദില്ലി: 70ാം വയസിൽ ആദ്യത്തെ കുഞ്ഞിനെ ലഭിച്ച സന്തോഷത്തിലാണ് രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾ. ആൽവാർ ജില്ലയിലെ ഗോപി സിംഗ്, ചന്ദ്രവതി ദമ്പതികൾക്കാണ് വിവാഹം കഴിഞ്ഞ് 54 വർഷങ്ങൾക്ക് ശേഷം ഒരു ആൺ കുഞ്ഞ് ജനിച്ചത്. ഐവിഎഫ് ചികിത്സയിലൂടെയാണ് കുഞ്ഞിനെ ലഭിച്ചത്.ആൾവാറിലെ ഒരേയൊരു രജിസ്ട്രേറ്റ് ഐവിഎഫ് ചികിത്സാ കേന്ദ്രത്തിലായിരുന്നു ചികിത്സ.
രാജസ്ഥാനിലെ ജുൻജുനുവിനടുത്തുള്ള ഹരിയാന അതിർത്തിയോട് ചേർന്നുള്ള ഒരു ഗ്രാമത്തിലാണ് ഗോപി സിംഗും ചന്ദ്രാവതി ദേവിയും കഴിയുന്നത്. മുൻ സൈനികനാണ് ഗോപി സിംഗ്. വർഷങ്ങളോളം കാത്തിരുന്നിട്ടും ഇരുവർക്കും കുഞ്ഞ് ജനിച്ചില്ല. നിരവധി ചികിത്സകൾക്കും വിധേയമായെങ്കിലും നിരാശയായിരുന്നു ഫലം.
കഴിഞ്ഞ വർഷമായിരുന്നു ആൾവാറിലുള്ള ഐവിഎഫ് സെന്റിൽ ഇരുവരും എത്തിയത്. മൂന്നാമത്തെ ശ്രമത്തിനൊടുവിലായിരുന്നു ചന്ദ്രവതി ഗർഭിണിയായത്. ചന്ദ്രാവതിയുടെ പ്രായമായിരുന്നു ഡോക്ടർമാരുടെ ആശങ്ക. എന്നാൽ ആളങ്കകളെല്ലാം തള്ളി ആരോഗ്യത്തോടെയുള്ള കുഞ്ഞിനാണ് ചന്ദ്രാവതി ജൻമം നൽകിയതെന്ന് ഡോക്ടർ പങ്ക് ഗുപ്ത പറഞ്ഞു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.