ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി രൂപ നഷ്ടപരിഹാരം ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്ബനികളും ആഗോള ഇന്‍ഷുറന്‍സ് കമ്ബനികളും ചേര്‍ന്ന് നല്കാന് തീരുമാനമായി. 378 കോടി രൂപ എയര്‍ ഇന്ത്യക്കും 282 കോടി രൂപ അപകടത്തില്‍ മരിച്ചവര്‍, പരിക്കേറ്റവര്‍, ലഗേജ് നഷ്ടമായവര്‍ തുടങ്ങി യാത്രക്കാര്‍ക്ക് നല്‍കാനുമാണ് തീരുമാനം.
എയര്‍ ഇന്ത്യയുടെ പ്രധാന ഇന്‍ഷുറന്‍സ് കമ്ബനി പൊതുമേഖല സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് ലിമിറ്റഡ് 40 ശതമാനം നഷ്ടപരിഹാരം വഹിക്കും. ബാക്കിവരുന്ന 60 ശതമാനം നാഷനല്‍ ഇന്‍ഷുറന്‍സ് കമ്ബനി, ഒറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനി, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്ബനി എന്നിവര്‍ വഹിക്കും.പ്രാഥമിക നഷ്ടപരിഹാരത്തുക 190 യാത്രക്കാര്‍ക്കായി മൂന്നര കോടി നല്‍കിയിട്ടുണ്ടെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അതുല്‍ സാഹി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ദുബൈയില്‍നിന്നു വന്ന എയര്‍ ഇന്ത്യ ബോയിങ് 737 വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ടത്. രണ്ടു വൈമാനികരടക്കം 21 പേരാണ് മരിച്ചത്.