തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം മുമ്ബ് അവര്‍ വന്ന് കണ്ടപ്പോള്‍ ഇക്കാര്യം ഉറപ്പ് നല്‍കിയിരുന്നു. ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല. ഉറപ്പ് പാലിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ നിയമപോരാട്ടമാണ് പ്രധാനം. സര്‍ക്കാര്‍ തന്നെയാണ് അതിന് മുന്‍കൈ എടുക്കുന്നത്. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂര്‍വ ഇടപെടല്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിചാരണ നടത്തി പ്രതികളെ വെറുതെവിട്ട കേസില്‍ മറ്റൊരു അന്വേഷണം നടത്താന്‍ നിയമപരമായി സാധിക്കില്ല. എന്നാല്‍ പുനര്‍വിചാരണ സാധ്യമാണ്. പുനര്‍വിചാരണ സാധ്യമായാല്‍ തുടരന്വേഷണവും സാധ്യമാകും. ഇതിന് വേണ്ടിയുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കാത്തുനില്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അര്‍ജന്റ് മെമ്മോ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് ഹൈകോടതി പരിഗണിക്കും. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്നോക്കക്കാരിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയതിലൂടെ പിന്നോക്കക്കാരുടെ അവകാശങ്ങള്‍ നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നോക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊതുമത്സര വിഭാഗത്തില്‍ നിന്ന് പത്ത് ശതമാനം മാറ്റിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ആരുടെയും സംവരണം നഷ്ടമാകില്ല. എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.