കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് അധികൃതര്‍. സ്ഥാപനത്തെ തകര്‍ക്കുകയാണ് വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു. ഹാരിസിന്റെ മരണം ഓക്‌സിജന്‍ ട്യൂബ് മാറിയതുകൊണ്ടല്ല, ഹൃദയാഘാതമാണ് കാരണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സതീശ് പറഞ്ഞു.
ആശുപത്രിയിലെ നഴ്‌സിങ് സൂപ്പര്‍വൈസറുടേയും ഡോക്ടറുടേയും വെളിപ്പെടുത്തലുകളെ അധികൃതര്‍ തള്ളി. 19-ാം തിയതിയാണ് കുവൈത്തില്‍ നിന്ന് ഹാരിസ് എത്തിയത്. ഒരാഴ്ച അസുഖമായി വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം. 25-നാണ് കോവിഡ് പോസിറ്റീവായത്. 26-ാം തിയതിയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വളരെ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്.അമിത വണ്ണമുള്ളയാളാണ്. അതുകൊണ്ട് തന്നെ ഓക്‌സിജന്റെ ലെവല്‍ പൊതുവെ കുറവാണ്. കടുത്ത പ്രമേഹവും ഉള്ളയാണ്. കോവിഡ് രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലുമായിരുന്നു. വന്നത് 24 ദിവസം മനുഷ്യസാധ്യമായ എല്ലാ ചികിത്സകളും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ന്യൂമോണിയ അതീവ ഗുരുതരാവസ്ഥയിലേക്കെത്തി നില്‍ക്കുന്ന ഘട്ടത്തിലാണ് ഹാരിസിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉറക്കത്തില്‍ കൂര്‍ക്കം വലിച്ച് താഴ്ന്ന് പോകുന്ന അവസ്ഥയുള്ള ആളായിരുന്നു അദ്ദേഹമെന്നും വൈസ്.പ്രിന്‍സിപ്പാള്‍ പറഞ്ഞു.
ലോകത്ത് എത്രയോ പേര്‍ ഹൃദയാഘാതം വന്ന് മരിക്കുന്നുവെന്നും നോഡല്‍ ഓഫിസര്‍ ഫത്താഹുദീന്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയ നഴ്സിങ് ഓഫിസര്‍ ഐസിയു ചുമതലയുള്ള ആളല്ല. ഡോക്ടര്‍ നജ്മ താല്‍കാലിക കരാര്‍ ജീവനക്കാരി മാത്രമാണെന്നും നോഡല്‍ ഓഫിസര്‍ പറഞ്ഞു.
ഓക്‌സിജന്റെ പിന്തുണയില്ലാത്തത് കൊണ്ടോ വെന്റിലേറ്റര്‍ ട്യൂബ് മാറിയതുകൊണ്ടോ അല്ല ഹാരിസ് മരിച്ചത്. ഹൃദയസ്തംഭനം വന്നിട്ടാണ് അദ്ദേഹം മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.