തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് മാറ്റി. ഈ മാസം 28ലേക്കാണ് കേസ് മാറ്റിയത്. കേസിലെ പ്രതികളായ ആറ് പേരും ഹാജരായാല്‍ അന്ന് തന്നെ കുറ്റപത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു.
മന്ത്രിമാരായ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, നേതാക്കളായ വി. ശിവന്‍കുട്ടി, കെ. അജിത്, സി.കെ. സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
കെ.ടി. ജലീല്‍ കോവിഡ് ബാധിതനായതിനാല്‍ ചികിത്സയിലാണ്. കോവിഡ് മുക്തനായ ജയരാജന് വിശ്രമത്തിലാണ്. അതിനാല്‍ തന്നെ ഇരുവരും കോടതിയിലെത്താനുള്ള സാധ്യതയില്ല.നേരത്തെ മന്ത്രിമാരൊഴികയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി കേസില്‍ ജാമ്യമെടുത്തിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.
ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ കെ.എം.മാണി ബജറ്റ് വായിക്കുന്നതിനിടെ പ്രസംഗം തടസപ്പെടുത്തിയ ഇടത് നേതാക്കള്‍ രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.