ഭോപ്പാൽ: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം. 2003 ഒക്ടോബറിൽ റാങ്കിംഗ് സമ്പ്രദായം ആരംഭിച്ചതിന് ശേഷം ഇന്ത്യ കൈവരിക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്. വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ 6-2 ന് തകർത്ത ഉജ്ജ്വല പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ചരിത്ര മുന്നേറ്റം.
2022 മെയ്-ജൂൺ മാസങ്ങളിൽ പ്രോ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷം നേടിയ ആറാം റാങ്കായിരുന്നു ഇതിന് മുൻപുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്ഥാനം. 2021 ടോക്കിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് എത്തിയപ്പോൾ എട്ടാം റാങ്കിലും, 2018 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയപ്പോൾ ഒൻപതാം റാങ്കിലുമായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗ് പട്ടികയിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അർജന്റീന, ബെൽജിയം, സ്പെയിൻ എന്നിവർക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
ചൈനയെ തകർത്തെറിഞ്ഞ് ഇന്ത്യ
മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന മത്സരത്തിൽ ചൈനയ്ക്കെതിരെ സമ്പൂർണ്ണ ആധിപത്യമാണ് ഇന്ത്യ പുറത്തെടുത്തത്. ടൂർണമെന്റിലെ ഇന്ത്യയുടെ തുടർച്ചയായ നാലാം വിജയവും ചൈനയ്ക്കെതിരായ ഏറ്റവും വലിയ വിജയവുമാണിത്. ആദ്യ ക്വാർട്ടറിൽ തന്നെ ഹാട്രിക് നേടിയ ദീപികയാണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. മത്സരത്തിന്റെ ഒന്ന്, ആറ്, 14 മിനിറ്റുകളിലാണ് ദീപിക വലകുലുക്കിയത്. 19-ാം മിനിറ്റിൽ ലാൽറെംസിയാമിയും , 22-ാം മിനിറ്റിൽ നേഹയും ഗോളുകൾ നേടിയതോടെ ഇന്ത്യ 5-1 ന്റെ വമ്പൻ ലീഡ് സ്വന്തമാക്കി. 34-ാം മിനിറ്റിൽ ചെൻ ടോങ്ങിലൂടെ ചൈന ഒരു ഗോൾ മടക്കിയെങ്കിലും, 36-ാം മിനിറ്റിൽ സാക്ഷി റാണ ഇന്ത്യയുടെ ആറാം ഗോളും നേടി വിജയം ഉറപ്പിച്ചു.
പോയിന്റ് പട്ടികയിൽ ഒന്നാമത്
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ച് 12 പോയിന്റോടെ (+15 ഗോൾ വ്യത്യാസം) ഇന്ത്യ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മലേഷ്യയെ (4-1), ദക്ഷിണ കൊറിയയെ (2-1), തായ്ലൻഡിനെ (7-0) എന്നിവരെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയെയും (6-2) ഇന്ത്യ കീഴടക്കിയത്.
നാല് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ (+8) പിന്നിലായ ജപ്പാൻ രണ്ടാം സ്ഥാനത്താണ്. നാല് പോയിന്റ് വീതമുള്ള ചൈന മൂന്നാമതും മലേഷ്യ നാലാമതുമാണ്. ദക്ഷിണ കൊറിയ (3 പോയിന്റ്), തായ്ലൻഡ് (0 പോയിന്റ്) എന്നിവരാണ് യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിൽ.







