തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ് ഗോപി; തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി സിനിമാ താരങ്ങള്‍
തിരുവനന്തപുരം: കേരള തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ട വിധിയെഴുതി തുടങ്ങി. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ആദ്യഘട്ട വോട്ടടെപ്പ് നടക്കുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വോട്ടര്‍മാര്‍ നേരത്തെ തന്നെ പോളിംഗ് ബൂത്തുകളില്‍ എത്തിയിരുന്നു.
വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും സംവിധായകരും ഉള്‍പ്പെടെ നിരവധിപേര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ തിരുവന്തപുരം തിലകണിയുമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പറഞ്ഞു. കോര്പ്പറേഷന് ഭരണം ബി ജെ പിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയാണ് സുരേഷ് ഗോപി പ്രകടിപ്പിച്ചത്. രാവിലെ 6.35 ഓടെ സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാന്‍ എത്തിയ തിരുവന്തപുരം ശാസ്തമംഗലത്തെ എന്‍ എസ് എസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലേക്ക് വോട്ട് മാറ്റിയ സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്. വോട്ട് ചെയ്ത ശേഷം പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകും.
ഇടുക്കി കുംഭങ്കല് ബി ടി എം സ്കൂളിലാണ് ആസിഫ് അലി വോട്ട് ചെയ്യാനെത്തിയത്. സഹോദരന് അസ്കര്‍ അലിയും ആസിഫിനൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു. രാവിലെ തന്നെ തൊടുപുഴയിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തി. തൊടുപുഴ നഗരസഭയിലെ പതിനേഴാം വാർഡിലെ വോട്ടറാണ് ആസിഫ് അലി. എന്ത് തിരക്കാണെങ്കിലും വോട്ട് ചെയ്യുന്നത് മുടക്കാറില്ലെന്ന് ആസിഫ് അലി പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വാസമുണ്ട്. തന്റെ ചുറ്റും തെരഞ്ഞെടുപ്പും രാഷ്ട്രീയവുമുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം താരം പറഞ്ഞു.
കൂടെ കളിച്ചുവളര്‍ന്നവരാണ് ഇത്തവണ മത്സരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. എല്ലാവരും വളര്‍ന്നുവെന്നും പക്വതവന്നുവെന്നും തിരിച്ചറിയുന്ന അവസരം കൂടെയാണിതെന്നും ആസിഫ് അലി പറഞ്ഞു.
നടി ചിപ്പിയും നിര്‍മാതാവും ഭർത്താവുമായ രഞ്ജിത്തും ജവഹർ നഗർ എൽ പി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
സംവിധായകനും നടനുമായ രഞ്ജിപണിക്കര്‍ കോട്ടയത്ത് വോട്ട് രേഖപ്പെടുത്തി. നടി മീനാക്ഷി വോട്ട് രേഖപ്പെടുത്തി. “ജാനധിപത്യമേ നീ എന്റെ ചൂണ്ടുവിരലില്‍ അടയാളപ്പെടുത്തുക”, എന്നാണ് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.








