വാഷിങ്ടൺ: ഇറാൻ്റെ സമ്പദ്വ്യവസ്ഥ തകർച്ചയിലാണെന്നും ഭരണനേതൃത്വം കടുത്ത പരിഭ്രാന്തിയിലാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ്. ഇറാൻ്റെ ആഗോള നിഴൽ ബാങ്കിങ് ശൃംഖല തകർക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ രണ്ട് ഡസനിലധികം വിനിമയ കേന്ദ്രങ്ങൾക്കും ബിനാമി കമ്പനികൾക്കും പ്രധാന വ്യക്തികൾക്കും മേൽ അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
എണ്ണ വരുമാനം കുത്തനെ ഇടിയുകയും സാമ്പത്തിക ഉപരോധങ്ങൾ കടുക്കുകയും ചെയ്തതോടെ സാമ്പത്തിക ഇടപാടുകൾ മുന്നോട്ടുകൊണ്ടുപോകാൻ ഇറാൻ ഭരണകൂടം നിഴൽ ബാങ്കിങ് ശൃംഖലകളെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്ന് ബെസെൻ്റ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി. പാപ്പരായ ഭരണകൂടത്തിൻ്റെ അവസാന സാമ്പത്തിക ജീവനാഡിയാണ് ഈ നിഴൽ ബാങ്കിങ് സംവിധാനം. ഈ നിയമവിരുദ്ധ ശൃംഖലകളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ട്രഷറി വകുപ്പ് നടപടികൾ തുടരുമെന്നും പാമ്പിൻ്റെ തല കുഴിച്ചുമൂടുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്താണ് നിഴൽ ബാങ്കിങ് ശൃംഖല?
ഔദ്യോഗിക അന്താരാഷ്ട്ര ബാങ്കിങ് സംവിധാനത്തിന് പുറത്ത് പ്രവർത്തിക്കുന്ന സമാന്തര സാമ്പത്തിക ഇടപാട് ശൃംഖലയാണ് നിഴൽ ബാങ്കിങ്. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും കർശനമായ ഉപരോധങ്ങൾ കാരണം ആഗോള ബാങ്കിങ് സംവിധാനത്തിൽനിന്ന് പുറത്താക്കപ്പെട്ട ഇറാൻ, വിദേശ വ്യാപാരവും പണമിടപാടുകളും തുടരാനാണ് ഈ രഹസ്യ സംവിധാനം ഉപയോഗിക്കുന്നത്.
വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത ബിനാമി കമ്പനികൾ, കറൻസി വിനിമയ കേന്ദ്രങ്ങൾ, ഇടനിലക്കാർ എന്നിവയിലൂടെയാണ് ഇതിൻ്റെ പ്രവർത്തനം. എണ്ണ, പെട്രോകെമിക്കൽ കയറ്റുമതിയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് ഡോളർ ഇറാനിലെ ബാങ്കുകളെ നേരിട്ട് ബന്ധിപ്പിക്കാതെ തന്നെ വിദേശത്തെ രഹസ്യ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യാനും ഇറക്കുമതിക്കുള്ള പണം നൽകാനും ഈ ശൃംഖല സഹായിക്കുന്നു. പണത്തിൻ്റെ യഥാർഥ ഉറവിടവും ലക്ഷ്യസ്ഥാനവും മറച്ചുവച്ച് ഉപരോധങ്ങൾ മറികടക്കുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.
ഓപ്പറേഷൻ ഇക്കോണോമിക് ഔട്ട്കാസ്റ്റ്
ഇറാൻ്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനും അന്താരാഷ്ട്ര ധനകാര്യ ചാനലുകൾ വഴി വിദേശനാണ്യം ലഭിക്കുന്നത് തടയാനുമായി യുഎസ് ട്രഷറി വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ ഇക്കോണോമിക് ഔട്ട്കാസ്റ്റിൻ്റെ ഭാഗമായാണ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചത്. 2026 ഓഗസ്റ്റ് 24നാണ് ഇറാൻ ഭരണകൂടത്തെ താങ്ങിനിർത്തുന്ന അവശേഷിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ വിച്ഛേദിക്കുക എന്ന ലക്ഷ്യത്തോടെ സ്കോട്ട് ബെസെൻ്റ് ഈ ദൗത്യം പ്രഖ്യാപിച്ചത്. എണ്ണക്കടത്ത്, ഉപരോധം മറികടക്കൽ, ഭീകരവാദത്തിന് പണം കണ്ടെത്തൽ എന്നിവയ്ക്കായി ഇറാൻ ഉപയോഗിക്കുന്ന ശൃംഖലകളെയും ഇടനിലക്കാരെയും സാമ്പത്തിക ചാനലുകളെയും ഈ ദൗത്യത്തിലൂടെ ട്രഷറി വകുപ്പ് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക ഉപരോധങ്ങളിലും എണ്ണ വരുമാനത്തിലെ ഇടിവിലും ഇറാൻ്റെ സമ്പദ്വ്യവസ്ഥ ഉലഞ്ഞുനിൽക്കെ, കയറ്റുമതിയിലൂടെ ലഭിക്കുന്ന കുറഞ്ഞ വരുമാനം പോലും രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിൽ നിഴൽ ബാങ്കിങ് ഇടനിലക്കാർ പരാജയപ്പെടുകയാണെന്ന് ട്രഷറി വകുപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാർ വിഭവങ്ങൾ വകമാറ്റി ഇവർ സ്വന്തം സമ്പത്ത് വർധിപ്പിക്കുകയാണ്. കർശനമായ ഉപരോധങ്ങൾക്കിടയിലും അന്താരാഷ്ട്ര ധനകാര്യ സംവിധാനത്തിലൂടെ കോടിക്കണക്കിന് ഡോളർ കൈമാറ്റം ചെയ്ത് ഇറാൻ്റെ വിദേശ വ്യാപാരത്തിന് പിന്തുണ നൽകുന്ന ശൃംഖലകളെയാണ് പുതിയ നടപടി ലക്ഷ്യമിടുന്നത്.
മൂന്ന് എക്സിക്യുട്ടീവ് ഉത്തരവുകൾ വഴി നടപടി
മൂന്ന് എക്സിക്യുട്ടീവ് ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഉപരോധം നടപ്പാക്കിയിരിക്കുന്നത്. ഇറാൻ്റെ ധനകാര്യ മേഖല ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക വിഭാഗങ്ങളെ ലക്ഷ്യമിടുന്നതാണ് ആദ്യത്തേത്. ഭീകരവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് ഭേദഗതി ചെയ്ത ഉത്തരവാണ് രണ്ടാമത്തേത്. ഇറാൻ്റെ ലോഹ വ്യവസായ മേഖലയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളെ ലക്ഷ്യമിടുന്നതാണ് മൂന്നാമത്തെ ഉത്തരവ്.
അന്താരാഷ്ട്ര സഹകരണവും കർശന മുന്നറിയിപ്പും
ഇറാൻ ഭരണകൂടത്തിൻ്റെ നിയമവിരുദ്ധ വരുമാന മാർഗങ്ങളും ഉപരോധം മറികടക്കാനുള്ള തന്ത്രങ്ങളും തടയാൻ യുഎസ് സർക്കാരിലെ വിവിധ ഏജൻസികൾക്ക് പുറമെ യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ഇറാന് വേണ്ടി കള്ളപ്പണം വെളുപ്പിക്കാനോ ഉപരോധം ലംഘിക്കാനോ കൂട്ടുനിൽക്കുന്ന സ്ഥാപനങ്ങളെ യുഎസ് സാമ്പത്തിക സംവിധാനത്തിൽനിന്ന് പൂർണമായും പുറത്താക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടവുമായി വ്യാപാര ബന്ധം തുടരുന്ന സ്ഥാപനങ്ങൾക്കുമേൽ ദ്വിതീയ ഉപരോധങ്ങളുടെ പരിധി വ്യാപിപ്പിച്ചിട്ടുണ്ടെന്നും പരിശോധനകളും നിയമനടപടികളും കൂടുതൽ വേഗത്തിലാക്കുമെന്നും ട്രഷറി വകുപ്പ് വ്യക്തമാക്കി.




