ഷുക്കൂർ വധക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ വ്യാപകമായ ശ്രമം നടന്നതായി മന്ത്രി കെ എം ഷാജി.

0
9
അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ വ്യാപകമായ ശ്രമം നടന്നതായി മന്ത്രി കെ എം ഷാജി. കണ്ണൂരിൽ കൊലപാതകങ്ങൾ നേരിൽ കണ്ടവർ പോലും കോടതിയിൽ സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ പിന്മാറുന്ന സാഹചര്യമാണുള്ളത്. ഷുക്കൂർ കേസിലും സമാനമായ അനുഭവങ്ങളുണ്ടായെന്നും സാക്ഷികളുടെ വീടുകളിലും പരിസരങ്ങളിലും ചെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

‘കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ റിസ്ക്. സംഭവം നേർക്കുനേർ കണ്ടവർ പോലും സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ മാറുന്ന സ്ഥിതിയുണ്ട്. ഷുക്കൂർ കേസിൽ വലിയ ഭീഷണികളാണ് നേരിട്ടത്. അവസാനത്തെ സാക്ഷിയെയും കോടതിയിലെത്തിക്കാൻ തീവ്രശ്രമം നടത്തി. ഗൾഫിൽനിന്നുപോലും സാക്ഷികളെ കൊണ്ടുവന്നു. എന്നാൽ, ചില സാക്ഷികൾ ഹാജരായില്ല. കേസിന്റെ നടപടികൾക്കിടെ പ്രതികളുടെ കുടുംബങ്ങളിൽ ആത്മഹത്യകൾ ഉണ്ടായി. ഒരു പ്രതി തന്നെ ആത്മഹത്യ ചെയ്തു’ – അദ്ദേഹം പറഞ്ഞു.

‘നിരവധി പ്രതിസന്ധികളിലൂടെയാണ് കേസ് മുന്നോട്ടുപോയത്. എന്നിട്ടും കേസ് സിബിഐയുടെ മുന്നിലെത്തിക്കുന്നതിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക നടത്തിയ പോരാട്ടം നിർണായകമായിരുന്നു. കണ്ണൂരിൽ പാർട്ടി ഒറ്റക്കെട്ടായി നിലകൊണ്ടാണ് കേസ് ഇതുവരെയെത്തിച്ചത്.അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്ന സമയത്ത് ഞാൻ എംഎൽഎയായി എത്തിയ ആദ്യഘട്ടമായിരുന്നു. അന്നുമുതൽ കേസിന്റെ എല്ലാ ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്നു. സാക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതിൽ വലിയ ജാഗ്രത പുലർത്തിയിട്ടുണ്ട്. കേസിൽ കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്’ -ഷാജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here