പെൺകുട്ടികളുടെ ക്രിക്കറ്റ് പരിശീലനത്തിന് വനിതാ കോച്ചിനെ നിയമിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേരള ക്രിക്കറ്റ് അസോസിയേഷന് നിർദേശം നൽകി. ക്രിക്കറ്റ് അസോസിയേഷൻ മുൻ പരിശീലകനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
വനിതാ കോച്ച് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പരിശീലനം നടക്കുന്ന സമയം മുതിർന്ന ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. പെൺകുട്ടികൾ വസ്ത്രം മാറുന്ന മുറികളിൽ പുരുഷന്മാരെ പ്രവേശിപ്പിക്കരുതെന്നും പരിശീലകർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ തന്നെ പൊലീസിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
പോക്സോകേസിൽ വിചാരണ നേരിടുന്ന തിരുവനന്തപുരത്തെ ആരോപണ വിധേയനായ പരിശീലകനെ അസോസിയേഷനുകൾ സഹകരിപ്പിക്കരുതെന്ന് കമ്മീഷൻ നിർദേശിച്ചു.കെസിഎയിലോ ജില്ലാ അസോസിയേഷനിലോ ജോലിക്ക് അപേക്ഷിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് നീക്കം. ജീവനക്കാർക്ക് കൗൺസലിംഗു നൽകും.മുൻ പരിശീലകനെതിരെ പെൺകുട്ടി ഉയർത്തിയ ആരോപണങ്ങളും അത്തരത്തിലുള്ള കേസുകളും ഇനി ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൻ വ്യക്തമാക്കി.







