മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ 13 പ്രതികൾ കുറ്റക്കാർ. 32–ാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ, 33-ാം പ്രതി സംസ്ഥാന സമിതി അംഗം ടി വി രാജേഷ് ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. 19-ാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനുമായ ശ്യാംജിത്തിനെയും കേസിൽ വെറുതെവിട്ടു. 2 പ്രതികൾ നേരത്തെ മരിച്ചിരുന്നു. 33 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
ഒന്നാം പ്രതി സുമേഷ് മൂന്നാം പ്രതി അനൂപ് 7ാം പ്രതി പവിത്രൻ 9ാം പ്രതി മനോഹരൻ എന്നിവരടക്കം 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻ കടവിൽ വച്ച് 18 കാരനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് പി ജയരാജനും ടി വി രാജേഷും അടക്കമുള്ളവർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം.








