സിപിഎം നേതാവും മുൻ നഗരസഭാ കൗൺസിലറുമായ ഐ പി ബിനു റൗഡി ലിസ്റ്റിൽ

0
9
സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ നഗരസഭാ കൗൺസിലറുമായ ഐ പി ബിനുവിനെ പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലടക്കം പ്രതിയായ ബിനുവിനെതിരെയാണ് വഞ്ചിയൂർ പോലീസിന്റെ നടപടി. നിലവിലുള്ള നാല് ക്രിമിനൽ കേസുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പോലീസ് വിശദീകരണം. അതേസമയം, നടപടി രാഷ്ട്രീയപ്രേരിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിനു ആരോപിച്ചു.
തിങ്കളാഴ്ച രാത്രി വഞ്ചിയൂർ എസ് ഐ വീട്ടിലെത്തി റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ വിവരം അറിയിച്ചതായി ബിനു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. സ്റ്റേഷനിൽ ഹാജരായി ഫോട്ടോ എടുക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ ഒരാളെ എങ്ങനെയാണ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുകയെന്ന് ചോദിച്ചപ്പോൾ കേസുകളുടെ എണ്ണമാണ് പരിഗണിച്ചതെന്നായിരുന്നു എസ് ഐയുടെ മറുപടിയെന്നും ബിനു പറയുന്നു.
മുൻകാല സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് തനിക്കെതിരെയുള്ളതെന്നും ഒരു തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ലെന്നും ബിനു അവകാശപ്പെട്ടു. 2016ന് മുമ്പ് യുഡിഎഫ് ഭരണകാലത്താണ് സമരക്കേസുകളുണ്ടായത്. പിന്നീട് പത്തുവർഷത്തിനുശേഷം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് പ്രതിയായതെന്നും അദ്ദേഹം വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here