തികച്ചും വ്യത്യസ്തമായ രീതിയിലാണ് അസിനും രാഹുലും തങ്ങളുടെ ഏഴു വയസുകാരി മകൾ അരിനെ വളർത്തുന്നത്. ​

0
5

സിനിമയിലിപ്പോൾ സജീവമല്ലെങ്കിലും ഇന്നും തമിഴ്, മലയാളം സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അസിൻ തോട്ടുങ്കൽ. കരിയറിന്റെ പീക്ക് സമയത്തായിരുന്നു മൈക്രോമാക്‌സ് സഹസ്ഥാപകൻ രാഹുൽ ശർമയുമായുള്ള അസിന്റെ വിവാഹം. ക്രിസ്ത്യൻ- ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തോടെ അസിൻ സിനിമയോട് ഗുഡ്‌ബൈ പറഞ്ഞു. അരിൻ റെയ്ൻ ശർമ എന്നാണ് അസിന്റെ മകളുടെ പേര്.

ഇടയ്ക്കിടെ അരിന്റെ ഫോട്ടോകൾ അസിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ‘മൈഗവ് ഇന്ത്യ’യ്ക്ക് 2025 ൽ തങ്ങൾ മകളെ വളർത്തുന്നത് എങ്ങനെയാണെന്ന് രാഹുൽ പങ്കുവച്ചിരുന്നു. അരിനെ വളർത്തുന്നതിൽ ഭൂരിഭാഗം കാര്യങ്ങളും ചെയ്തത് തന്റെ ഭാര്യയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലത്ത് കുട്ടികൾ മൊബൈൽ ഫോണിലും ടിവിയിലുമായി സമയം ചെലവഴിക്കുമ്പോൾ, തികച്ചും വ്യത്യസ്തമായ രീതിയിലാണ് അസിനും രാഹുലും തങ്ങളുടെ ഏഴു വയസുകാരി മകൾ അരിനെ വളർത്തുന്നത്. ​മകൾക്ക് ഇതുവരെ സ്ക്രീൻ ടൈം നൽകിയിട്ടില്ലെന്നും, വീട്ടിൽ നിറയെ പുസ്തകങ്ങളാണുള്ളതെന്നും രാഹുൽ ശർമ പറഞ്ഞു.

“ഇതുവരെ ഞങ്ങൾ അരിന് സ്‌ക്രീനുകളൊന്നും നൽകിയിട്ടില്ല. ടിവിയോ മൊബൈൽ ഫോണുകളോ ഇല്ല. ഞങ്ങളുടെ വീട്ടിൽ പുസ്തകങ്ങൾ മാത്രമേയുള്ളൂ. ഒരുപക്ഷേ, അരിൻ പഠിക്കുന്ന സ്‌കൂളിലുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ ഞങ്ങളുടെ വീട്ടിലുണ്ടാകും. അവൾ ഇപ്പോൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. എന്നാൽ എട്ടാം ക്ലാസിലേക്കും ഒമ്പതാം ക്ലാസിലേക്കുമുള്ള പുസ്തകങ്ങൾ ഇപ്പോൾത്തന്നെ ഞങ്ങളുടെ പക്കലുണ്ട്.

‘അവൾ പത്താം ക്ലാസ് ബോർഡ് പരീക്ഷയും എഴുതട്ടെ, അതുകൊണ്ട് എന്ത് കുഴപ്പമാണ് ?’ എന്ന് ഞാൻ ഇടയ്ക്കിടെ തമാശയായി പറയാറുണ്ട്. ഇതെല്ലാം അസിൻ ഞങ്ങൾക്ക് നൽകിയ സംഭാവനയാണ്. അവൾക്ക് ഇപ്പോൾ ഏഴ് വയസേ ആയിട്ടുള്ളൂ. എങ്കിലും കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് എന്നിവയുൾപ്പെടെ ഏകദേശം 12 ഭാഷകൾ അവൾക്ക് മനസിലാക്കാനും സംസാരിക്കാനും കഴിയും.

എനിക്ക് രണ്ട് ഭാഷകൾ സംസാരിക്കാൻ പോലും പ്രയാസമാണ്. ഞങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും ഒതുങ്ങി നിൽക്കുന്നു”. – രാഹുൽ പറഞ്ഞു. അസിനുമായുള്ള വിവാ​ഹത്തെക്കുറിച്ചും രാഹുൽ സംസാരിച്ചു. “അസിനുമായുള്ള വിവാഹം എനിക്ക് ഏറ്റവും നന്നായി വർക്കായ കാര്യമായിരുന്നു. അവൾ എന്റെ പിന്നിലെ പാറ കല്ലാണ്.

എന്ത് സംഭവിച്ചാലും, എന്ത് തന്നെയായാലും, ‘വിഷമിക്കേണ്ട… നീ മുന്നോട്ട് പോകൂ’ എന്ന് പറയുന്നത് അവളാണ്. അവൾ എന്നെയും എന്റെ പാഷനെയും മനസിലാക്കുന്നു. അവൾക്ക് എന്നെ ഭയങ്കര വിശ്വാസമാണ്. നമ്മുടെ ജീവിതത്തിൽ അങ്ങനെയൊരാളുണ്ടെങ്കിൽ, ജീവിതം വളരെ എളുപ്പമായിരിക്കും.

അവളെ പോലെ ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടേയില്ല. നമ്മുടെ പങ്കാളി എപ്പോഴും നമ്മളെ ഉയർത്തുന്ന ഒരാളായിരിക്കണം, അല്ലാതെ പിന്നോട്ട് വലിക്കുന്ന ആളാകരുത്. എന്നെ സംബന്ധിച്ചിടത്തോളം അവൾ അത്തരമൊരാളാണ്… അവൾ എന്നെ ഉയർത്തുന്നു. എൻ്റെ ജീവിതത്തിൽ അവൾ നൽകുന്ന സംഭാവന വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്”.- രാഹുൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here