രശ്മിക മന്ദാനയുടെ അപാരമായ ഇച്ഛാശക്തിയെയും ലാളിത്യത്തെയും പ്രശംസിച്ച് വിജയ് ദേവരകൊണ്ട. എല്ലാ കാര്യങ്ങളിലും പാവമായി നിൽക്കാതെ സ്വയം നിലപാടുകൾ എടുക്കാൻ ശീലിക്കണമെന്ന് ഉപദേശിക്കാറുണ്ടെന്നും രശ്മിക
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള സൗഹൃദവും പരസ്പരമുള്ള കരുതലും ആരാധകർ എപ്പോഴും കൗതുകത്തോടെയാണ് നോക്കിക്കാണാറുള്ളത്. തന്റെ ഭാര്യയും പുതിയ ചിത്രമായ ‘രണബാലി’യിലെ സഹതാരവുമായ രശ്മിക മന്ദാനയുടെ ആരും കാണാത്ത ദൃഢനിശ്ചയത്തെയും ഇച്ഛാശക്തിയെയും കുറിച്ച് വിജയ് പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ സുധീർ ശ്രീനിവാസനുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
“ഞാൻ എപ്പോഴും രശ്മികയുടെ മനക്കരുത്തിനെ കണ്ട് അമ്പരന്നു പോകാറുണ്ട്. അവളുടെ ഇച്ഛാശക്തി അവിശ്വസനീയമാണ്, പലപ്പോഴും അത് മനുഷ്യസാധ്യമല്ലാത്ത ഒന്നായി എനിക്ക് തോന്നിയിട്ടുണ്ട്. അതേസമയം തന്നെ തികച്ചും നിഷ്കളങ്കമായ മനസ്സുള്ള, വളരെ ലളിതമായൊരു സ്വഭാവത്തിന് ഉടമയാണവൾ. അവളുടെ ആ ലാളിത്യത്തെ ഞാൻ അത്രയധികം സ്നേഹിക്കുന്നുമുണ്ട്,” എന്ന് വിജയ് പറഞ്ഞു.
എന്നാൽ ഈ ലോകം അത്രമേൽ നന്മ നിറഞ്ഞതല്ലെന്നും സ്വന്തം നിലപാടുകൾ വ്യക്തമാക്കേണ്ടതുണ്ടെന്നും താൻ രശ്മികയെ ഓർമ്മിപ്പിക്കാറുണ്ടെന്ന് വിജയ് കൂട്ടിച്ചേർത്തു. “എല്ലാ സാഹചര്യങ്ങളിലും ഒരു കൊച്ചു മാലാഖയെപ്പോലെയോ ചിത്രശലഭത്തെപ്പോലെയോ മാത്രം നിൽക്കാൻ നമുക്ക് കഴിയില്ല. നമ്മൾ വിട്ടുവീഴ്ചകൾ ചെയ്യുമ്പോൾ ആളുകൾ നമ്മുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചേക്കാം. അതുകൊണ്ട് സ്വന്തമായി ഉറച്ച നിലപാടുകൾ എടുക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അങ്ങനെ സ്വയം നിലപാടെടുത്താൽ അതെന്നെ മോശക്കാരിയായ ഒരു വ്യക്തിയാക്കി മാറ്റുമോ എന്ന് ഭയക്കുന്നതായി അവൾ മുൻപ് പറയുമായിരുന്നു. അവൾ തനതായ ശൈലിയിൽ ജീവിക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം, എങ്കിലും കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കാൻ അവൾ പഠിക്കേണ്ടതുണ്ടായിരുന്നു. ഇപ്പോൾ അവളിൽ നല്ലൊരു മാറ്റം വന്നിട്ടുണ്ട്,” വിജയ് വ്യക്തമാക്കി.
സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നൽകാൻ പല സ്ത്രീകൾക്കും കഴിയാതെ പോകുന്ന അവസ്ഥയെക്കുറിച്ചും അഭിമുഖത്തിൽ പരാമർശമുണ്ടായി. തന്റെ മാറ്റത്തെക്കുറിച്ച് സംസാരിക്കവെ, “ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ ഒന്നോ രണ്ടോ തവണ ‘നോ’ എന്ന് ശക്തമായി പറയാൻ ഞാനിപ്പോൾ ശീലിച്ചു തുടങ്ങിയിട്ടുണ്ട്,” എന്ന് രശ്മികയും ചിരിയോടെ കൂട്ടിച്ചേർത്തു.






