സിനിമയിലെ നായകവേഷങ്ങളേക്കാൾ വലിയൊരു നായകത്വം ജീവിതത്തിൽ കാണിച്ചുതരുകയാണ് വിവേക് ഒബ്‌റോയി.
കാൻസർ ബാധിച്ച് ജീവിതം വഴിമുട്ടിയ കുഞ്ഞുങ്ങൾക്ക് ചികിത്സയും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പിന്തുണ നൽകി അവരെ സ്വന്തം മക്കളെപ്പോലെ ചേർത്തുപിടിച്ച കഥയാണ് വിവേകിന്റേത്. അതിൽ ഏറെ പ്രത്യേകതയുള്ളതാണ് സഹാറ ഷായുടെ ജീവിതം.
വെറും രണ്ടര വയസ്സുള്ളപ്പോൾ കാൻസർ ബാധിച്ച സഹാറയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ വിവേക് ഒബ്‌റോയി മുന്നിട്ടിറങ്ങി. രോഗത്തിന്റെ കഠിനമായ ഘട്ടങ്ങളെ അതിജീവിച്ച അവൾക്ക് പിന്നീട് പഠനത്തിനും സ്വപ്നങ്ങൾക്കുമുള്ള പിന്തുണയും ലഭിച്ചു.
വർഷങ്ങൾക്കിപ്പുറം, 22-ാം വയസ്സിൽ കാൻസറിനെ അതിജീവിച്ച സഹാറ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. കൊമേഴ്സ്യൽ പൈലറ്റാകാനുള്ള പരിശീലനത്തിനൊപ്പം നേപ്പാളി സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനും ഒരുങ്ങുകയാണ് ഈ പെൺകുട്ടി.







