പമ്ബ : ശബരിമലയില്‍ തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ദര്‍ശനമാകാമെന്ന നിര്‍ദേശത്തെ എതിര്‍ത്ത് തന്ത്രിയും വിവിധ സംഘടനകളും രംഗത്ത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്ന് തന്ത്രി വ്യക്തമാക്കി. ഓണ്‍ലൈന്‍ ദര്‍ശനം ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യോജിച്ചതല്ലെന്നാണ് തന്ത്രി കണ്ഠര് രാജീവരര് അഭിപ്രായപ്പെട്ടത്.
ശബരിമല തന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്ന പ്രതികരണമാണ് പന്തളം കൊട്ടാരവും മറ്റ് ഹിന്ദു സംഘടനകളും കൈക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ദര്‍ശനം ആചാരങ്ങളെ ബാധിക്കാത്ത തരത്തിലുള്ളതാവണം എന്നാണ് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ അഭിപ്രായപ്പെട്ടു.അതേസമയം ഓണ്‍ലൈന്‍ ദര്‍ശനത്തിനെതിരെ കടുത്ത രീതിയിലാണ് ഹിന്ദു ഐക്യ വേദി പ്രതികരിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരെ ശബരിമലയില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ദര്‍ശനത്തിന് അരങ്ങൊരുങ്ങുന്നതെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് പ്രതികരിച്ചത്. ആചാരങ്ങള്‍ ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.