ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെ യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസാമിയെ പ്രഖ്യാപിച്ചു. ഇന്നുരാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. പനീര്‍ശെല്‍വമാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ദിവസങ്ങള്‍ നീണ്ട ആകാംക്ഷയ്ക്കാണ് വിരാമമായത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുള്‍പ്പടെ തീരുമാനിക്കുന്നതിന് 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് പനീര്‍ശെല്‍വത്തിന്റെ ആവശ്യപ്രകാരമായിരുന്നു എന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു എടപ്പാടി പളനിസാമിയും പനീര്‍ ശെല്‍വവും. ഇവരുടെ മത്സരം ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്നാണ് കരുതിയത്. ഇത് മുന്നില്‍ക്കണ്ട് ബി ജെ പി നടത്തിയ അനുനയനീക്കത്തിലാണ് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബി ജെ പിക്കും യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ഇക്കാര്യം എ ഐ എ ഡി എം കെ നേതൃത്വത്തെ അറിയിച്ചിരുന്നു.
കൂടുതല്‍ എം എല്‍ എമാര്‍ ഒപ്പമില്ലാത്തതും പനീര്‍ശെല്‍വത്തിന് തിരിച്ചടിയായി. കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് കണ്ടതോടെ പനീര്‍ശെല്‍വം സ്വയം പിന്മാറുകയായിരുന്നു.എങ്ങനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിന് പനീര്‍ശെല്‍വം അവസാന നിമിഷം വരെയും കിണഞ്ഞ് ശ്രമിച്ചിരുന്നു. ജയലളിതയുടെ മരണത്തിനുശേഷം കുറച്ചുകാലം മാത്രമാണ് മുഖ്യമന്ത്രി കസേരയില്‍ തനിക്ക് ഇരിക്കാനായതെന്നും ബാക്കി സമയമെല്ലാം വെറും ഉപമുഖ്യമന്ത്രി മാത്രമായി ഒതുക്കപ്പെട്ടുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. ഇനി അത്തരത്തില്‍ ഒതുങ്ങിക്കൂടാന്‍ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഒരുവേള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യവും പനീര്‍ശെല്‍വം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത് ഇപിഎസിന് ഇത് ഒട്ടും സ്വീകാര്യമല്ല. 2017-ല്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തില്‍ പാര്‍ട്ടി നിലനില്‍ക്കുന്ന കാലം വരെ ജനറല്‍ സെക്രട്ടറിയായി ജയലളിതയെ നിലനിര്‍ത്താന്‍ തീരുമാനിച്ചുവെന്നും മറിച്ചൊരു തീരുമാനമുണ്ടായാല്‍ പാര്‍ട്ടിയുടെ തായ്‌വേരുതന്നെ ഇല്ലാതാകുമെന്നും ഇ പി എസ് തറപ്പിച്ചു പറഞ്ഞു.