മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ബൈഗ, ഗോണ്ട് സമൂഹങ്ങളില്‍ പെട്ട 25 ആദിവാസിക്കുട്ടികള്‍ക്ക് കടുത്ത പോഷകക്കുറവിനെ തുടര്‍ന്നുണ്ടായ മലേറിയ, വസൂരി തുടങ്ങിയ അസുഖങ്ങള്‍ മൂലം 2026 ജൂണ്‍ മുതല്‍ ഇതുവരെ ജീവന്‍ നഷ്‌ടമായി. ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭ്യമാകാത്തതും ഈ കുട്ടികളുടെ മരണത്തിന് കാരണമായി.
ഈ ഗ്രാമങ്ങളില്‍ വസൂരി പൊട്ടിപ്പുറപ്പെട്ടതിനൊപ്പം മലേറിയ ബാധകളും ഗണ്യമായി വര്‍ദ്ധിക്കാന്‍ തുടങ്ങി. ഇതോടെ പോഷകക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ഗുരുതരമായി. മിക്കവര്‍ക്കും രണ്ട് രോഗങ്ങളും പിടിപെടുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്‌തു.
ഇന്ത്യന്‍ ജനതയുടെ 8.6ശതമാനം ഗോത്രവിഭാഗമാണ്. ഇവരില്‍ പോഷകക്കുറവും വ്യാപകമാണ്. അവരുടെ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും അവര്‍ താമസിക്കുന്ന ഇടവും മതിയായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളില്ലാത്തതും ചികിത്സ തേടാത്തതും ആരോഗ്യത്തെക്കുറിച്ചുള്ള അവരുടേതായ തീരുമാനങ്ങളും മറ്റുമാണ് ഇതിന് കാരണം.
പോഷകക്കുറവിനെ ഒരു വൈകല്യമായാണ് ലോകാരോഗ്യ സംഘടന നിര്‍വചിക്കുന്നത്. ഊര്‍ജ്ജത്തിലും പോഷണങ്ങളിലും ഒരു വ്യക്തിയിലുള്ള അമിതമായ അസന്തുലിതത്വമാണിത്. പോഷകക്കുറവ് എന്നതില്‍ രണ്ട് വിശാല സംഘ സാഹചര്യങ്ങളുണ്ട്.
- ഇതില്‍ ആദ്യത്തേത് പ്രായത്തിന് അനുസരിച്ചുള്ള പൊക്കമോ ഭാരമോ ഇല്ലാത്തത്. അവശ്യ പോഷകങ്ങളുടെയും ധാതുക്കളുടെയും കുറവ്.
- അമിത വണ്ണവും ഭക്ഷണവുമായി ബന്ധപ്പെട്ട ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, അര്‍ബുദം പോലുള്ള പകരാത്ത രോഗങ്ങളും
അഞ്ച് വയസില്‍ താഴെയുള്ള മിക്ക കുഞ്ഞുങ്ങളും മരിക്കുന്നത് പോഷകക്കുറവ് കൊണ്ടാണ്. ഇതിലേറെയും സംഭവിക്കുന്നത് ദരിദ്ര-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ദേശീയ കുടുംബാരോഗ്യ സര്‍വേ-5 (2019-21) റിപ്പോര്‍ട്ടില്‍ അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യം സംബന്ധിച്ച് താഴെപ്പറയുന്ന കണ്ടെത്തലുകളുണ്ട്.
- 35.5 ശതമാനം കുഞ്ഞുങ്ങളും വളര്‍ച്ചാ മുരടിപ്പ് ഉള്ളവരാണ്
- 19.3 ശതമാനം കുഞ്ഞുങ്ങളും മെലിഞ്ഞവരാണ്
- 32.1ശതമാനത്തിന് ഭാരക്കുറവുണ്ട്
- 7.7 ശതമാനത്തിന് കടുത്ത മെലിച്ചിലുണ്ട്
മലേറിയയും പോഷകക്കുറവും
അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ് മലേറിയയുടെയും പോഷകക്കുറവിന്‍റെയും ഏറ്റവും വലിയ ഇരകളെന്ന് ഗിരിവര്‍ഗ ആരോഗ്യ ഗവേഷണ ദേശീയ കേന്ദ്രത്തിലെ ഗവേഷകനായ അനില്‍കുമാര്‍ വര്‍മ്മയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് 2023ല്‍ അഞ്ച് വയസില്‍ താഴെയുള്ള 73.7ശതമാനം കുഞ്ഞുങ്ങളാണ് മലേറിയ ബാധിച്ച് മരിച്ചത്. അതേസമയം ലോകമെമ്പാടുമായി മരിച്ച അഞ്ച് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ അന്‍പത് ശതമാനവും പോഷകക്കുറവ് മൂലമാണ്. പോഷകക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ ശേഷിയും കുറവായിരിക്കും.
പോഷകക്കുറവുള്ള കുഞ്ഞുങ്ങളില്‍ ടി കോശം പ്രവര്‍ത്തനരഹിതമാകുകയും ന്യൂട്രോഫില്‍ മൈക്രോബിസിഡല്‍ പ്രവര്‍ത്തനങ്ങള്‍, ഡെന്‍ട്രിറ്റിക് കോശങ്ങളുടെ എണ്ണം, ആന്‍റിജന്‍ പ്രൈമിങ്, പ്രോട്ടീന്‍ ലെവല്‍ തുടങ്ങിയവ കുറയുകയും ചെയ്യുന്നു. പോഷകക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ന്യൂമോണിയ , വളറിളക്കം, മലേറിയ പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ ക്രമേണ അവര്‍ മരണത്തിലേക്ക് നയിക്കപ്പെടുന്നു. ഗോത്ര വിഭാഗങ്ങളുടെ ഇടയിലെ പോഷകക്കുറവ് ദേശീയ ശരാശരിയിലും കൂടുതലാണ്. ഏകദേശം 44ശതമാനം ഗോത്രവിഭാഗം കുട്ടികളും വളര്‍ച്ച മുരടിച്ചവരാണ്. 45 ശതമാനത്തിനും മതിയായ ഭാരമില്ല. 27ശതമാനവും മെലിഞ്ഞ കുഞ്ഞുങ്ങളാണെന്നും ദേശീയ കുടുംബാരോഗ്യ സര്‍വേ 4 പറയുന്നു.
കടുത്ത പോഷകക്കുറവ്(സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷ്യന്‍(എസ്എഎം)
പോഷകക്കുറവിന്‍റെ ഏറ്റവും അപകടകരമായ ഘട്ടമാണിത്. ഉയര ഭാര അനുപാതത്തില്‍ വന്‍ കുറവ്, കാഴ്‌ചയില്‍ മെലിഞ്ഞിരിക്കല്‍, പോഷകമില്ലാത്തിനാല്‍ ശരീത്തില്‍ ഉണ്ടാകുന്ന വീക്കം, എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടന ഇതിനെ നിര്‍വചിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രാജ്യമെമ്പാടുമുള്ള കിടത്തി ചികിത്സയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പോഷപുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഗുരുതര പോഷകക്കുറവും ഇത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്ന കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിന് വേണ്ടിയാണിത്. അതേസമയം കേവലം പത്ത് പതിനഞ്ച് ശതമാനം കുഞ്ഞുങ്ങളില്‍ മാത്രമാണ് ഗുരുതര പോഷകക്കുറവ് വൈദ്യശാസ്‌ത്രപരമായി സങ്കീര്‍ണമാകുന്നതും കിടത്തി ചികിത്സ ആവശ്യമായി വരുന്നതും. ഗുരുതര പോഷക്കുറവ് പെട്ടെന്ന് ഉണ്ടായതല്ല, ദീര്‍ഘകാലമായി രാജ്യം നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധിയാണിത്.
ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍ പ്രകാരം 2005-2006ല്‍ 6.6ശതമാനമായിരുന്ന ഈ പ്രതിസന്ധി 2019-21ല്‍ 7.7ശതമാനത്തിലെത്തി. 2020ല്‍ ആറ് മാസം മുതല്‍ ആറ് വയസ് വരെയുള്ള കുഞ്ഞുങ്ങളില്‍ 927606 കുഞ്ഞുങ്ങള്‍ക്ക് ഗുരുതര പോഷക കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ ആരോഗ്യ പ്രശ്‌നം നേരിടാന്‍ യൂണിസെഫ് നിരവധി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നുണ്ട്.
പോഷകക്കുറവിനെ നേരിടാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍
- 1975 മുതല്‍ തന്നെ നമ്മുടെ രാജ്യത്ത് സംയോജിത ശിശു വികസന സേവനങ്ങളില്‍ ഉള്‍പ്പെടുത്തി വിവിധ പോഷകാഹാര പദ്ധതികള്‍ നിലവിലുണ്ട്. 2017ല്‍ ദേശീയ ആരോഗ്യനയത്തില്‍ കുറച്ച് കൂടി വിശാലമായ ആരോഗ്യ നയ ഇടപെടലുകള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായി.
- അങ്കണവാടി കേന്ദ്രങ്ങള്‍ വഴി പൂരക പോഷകങ്ങള്‍, വളര്‍ച്ച നിരീക്ഷണം,ആരോഗ്യ പരിശോധനകള്‍, പ്രതിരോധ പിന്തുണ എന്നിവ നല്‍കുന്നു
- സര്‍ക്കാര്‍,എയ്‌ഡഡ് വിദ്യാലയങ്ങളില്‍ പാചകം ചെയ്‌ത ഉച്ചഭക്ഷണം ചൂടോടെ നല്‍കുന്നു. ഇതിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങളുണ്ട്. പോഷകാഹാരം നല്‍കുന്നതിനൊപ്പം വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുക എന്നതും
- അനീമിയ മുക്ത ഭാരതം എന്ന പദ്ധതിയിലൂടെ മാതൃ -ശിശു പോഷകക്കുറവ് പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
- പോഷണ്‍ അഭിയാന്‍ എന്ന ദേശീയ പോഷകാഹാര ദൗത്യത്തിന് 2018 മാര്‍ച്ചിലാണ് തുടക്കമായത്. ആറ് വയസുവരെയുള്ള കുഞ്ഞുങ്ങളുടെ പോഷണം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇതിന് പുറമെ കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാണ്. പോഷകക്കുറവ് പരിഹരിക്കുകയും കുട്ടികളിലെ മെലിച്ചിലും വളര്‍ച്ചാ മുരടിപ്പും തടയുകയും സ്‌ത്രീകളിലെയും കുഞ്ഞുങ്ങളിലെയും കൗമാരക്കാരായ പെണ്‍കുട്ടികളിലെയും വിളര്‍ച്ച കുറയ്ക്കുകയുമാണ് ലക്ഷ്യം.
- മിഷന്‍ പോഷണ്‍2.0(സാക്ഷം അങ്കണവാടിയും പോഷണ്‍2.0) 2021 ഫെബ്രുവരിയില്‍ അവതരിപ്പിച്ച 2021-22 കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപിച്ചതും തുടക്കമിട്ടതും. നിലവിലുണ്ടായിരുന്ന പോഷണ്‍ പദ്ധതിയുടെ മാതൃകയില്‍ തന്നെയാണിതും.
- പോഷണ്‍ നിരീക്ഷണ പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ്, മെലിയല്‍, ഭാരക്കുറവ് എന്നിവ വിവിധ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിരീക്ഷിക്കുന്ന സംവിധാനമാണിത്.
തെലങ്കാനയില്‍ ഗോത്രവര്‍ഗ പോഷക പദ്ധതിയായ ഗിരി പോഷണ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ആഗ്രിബിസിനസ് ഇന്നോവേഷന്‍ പ്ലാറ്റ്‌ഫോമും സെമി അരിഡ് ട്രോപിക്‌സ് രാജ്യാന്തര വിള ഗവേഷണ കേന്ദ്രവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ജനുവരിയിലാണ് ഇത് ആരംഭിച്ചത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, കുട്ടികള്‍ എന്നിവരിലെ പോഷകനില മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
ഗോത്രവര്‍ഗങ്ങളിലെ പോഷകക്കുറവ് വലിയ പൊതുജനാരോഗ്യ ആശങ്കയാണ്. ഇത് നമുക്ക് ഒറ്റപ്പെട്ട നിലയില്‍ പരിഹരിക്കാനാകില്ല. ഇതിന് മെച്ചപ്പെട്ട സാങ്കേതികതയും ആവശ്യമാണ്. ഒപ്പം പരിശീലനം സിദ്ധിച്ച ആളുകള്‍, കൃത്യമായ നിരീക്ഷണം, സ്വച്‌ഛഭാരത്, ഭക്ഷ്യ സുരക്ഷാ നിയമം, അനീമിയ മുക്ത ഭാരതം, പോഷണ്‍ പദ്ധതികള്‍ തുടങ്ങി നിരവധി പദ്ധതികളുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങളിലൂടെയേ ഇത് സാധ്യമാകൂ. ദാരിദ്ര്യം, ശുചിത്വമില്ലായ്‌മ, കുടിവെള്ളം, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം, ഗോത്രവിഭാഗങ്ങള്‍ക്ക് ചികിത്സയോടുള്ള മനോഭാവത്തിലെ മാറ്റം തുടങ്ങിയവ സമഗ്ര സമീപനത്തിലൂടെ പരിഹരിക്കേണ്ടതുണ്ട്.
രോഗം വന്നാല്‍ മിക്ക ഗോത്രവിഭാഗങ്ങളും തങ്ങളുടെ പാരമ്പര്യ ചികിത്സകരെ സമീപിക്കുകയോ നിയമപരമായി അല്ലാതെ പ്രവര്‍ത്തിക്കുന്ന ചികിത്സകരെ സമീപിക്കുകയോ ആണ് പതിവ്. അവരെ പറഞ്ഞ് മനസിലാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിക്കണം. നമ്മുടെ വാര്‍ഷിക ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കും അനുബന്ധ സാമൂഹ്യ മേഖലകള്‍ക്കുമായി മികച്ച തുക വകയിരുത്താറുണ്ട്. കേന്ദ്ര ബജറ്റിന്‍റെ രണ്ട് ശതമാനം ചെലവിടുന്നത് ആരോഗ്യമേഖലയ്ക്കായാണ്. ബ്രിക്‌സ് രാജ്യങ്ങളില്‍ എത്യോപ്യ കഴിഞ്ഞാല്‍ ഏറ്റവും കുറച്ച് തുക ആരോഗ്യ മേഖലയ്ക്ക് മാറ്റി വയ്ക്കുന്നത് ഇന്ത്യയാണ്.
- ഗോത്രമേഖലകളില്‍ താഴെത്തട്ടിലുള്ള സംഘടനകളും എന്‍ജിഓകളുമായി സര്‍ക്കാര്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണം. ഗോത്രവര്‍ഗ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളില്‍ അവബോധം വര്‍ദ്ധിപ്പിക്കണം.
- ഗോത്രവര്‍ഗ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്‌ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം
- ആരോഗ്യത്തിന് മാത്രമായി തുക ചെലവിട്ടത് കൊണ്ടായില്ല, ഗോത്രമേഖലയിലേക്ക് മികച്ച ഗതാഗതസംവിധാനങ്ങളും പാതകളും പാലങ്ങളുമൊക്കെ വേണം
- മികച്ച ഇന്‍റര്‍നെറ്റ് സംവിധാനങ്ങളില്ലെങ്കില്‍ പോഷണ്‍ നിരീക്ഷണം കാര്യക്ഷമമാകില്ല
- കൃത്യമായ പ്രതിരോധത്തിനും ആരോഗ്യ പരിശോധനകള്‍ക്കും സര്‍ക്കാര്‍ മൊബൈല്‍ വാനുകള്‍ക്ക് വേണ്ടിയും നിക്ഷേപം നടത്തണം
മലേറിയ, വസൂരി, വിളര്‍ച്ച തുടങ്ങിയവ പരിഹരിക്കാതെ ഗോത്രവര്‍ഗങ്ങളുടെ ഇടയിലെ പോഷകക്കുറവ് നേരിടാനാകില്ല. പോഷകക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ ശേഷി കുറവയാതിനാല്‍ അവര്‍ വളരെ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു എന്നാണ് ബാല്‍ഘട്ടിലെ 25 കുഞ്ഞുങ്ങളുടെ മലേറിയ, വസൂരി മരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മലേറിയ പരാദങ്ങള്‍ ബാധിച്ചാല്‍ വിളര്‍ച്ചയും പനിയും അനുഭവപ്പെടും. ഇത് അവഗണിച്ചാല്‍ കാര്യങ്ങള്‍ ദുരന്തത്തിലേക്ക് എത്തും.
പൂര്‍ണ പ്രതിരോധം തീര്‍ത്ത് കൊണ്ട് 2026ഓടെ വസൂരി ഇല്ലാതാക്കാന്‍ ആരോഗ്യമന്ത്രാലയം പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ ഇത് നേടാന്‍ നമുക്കായിട്ടില്ല. ഇക്കൊല്ലം ആദ്യ പകുതിയില്‍ തന്നെ രാജ്യത്ത് 26332 വസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 2015ലും, 2020ലും 2023ലും വസൂരി നിര്‍മാര്‍ജ്ജനത്തിനുള്ള സമയപരിധി പാലിക്കാന്‍ നമുക്കായില്ല. പ്രാദേശിക സമൂഹത്തെ ബോധവത്ക്കരിക്കാതെയും അവരുടെ പങ്കാളിത്തമില്ലാതെയും ഏകോപനമില്ലാതെയും നടത്തുന്ന ഒരു പൊതുജനാരോഗ്യ ഇടപെടലുകളും ഫലപ്രദമാകില്ല. അത് കൊമ്ട് തന്നെ ഗോത്രവിഭാഗങ്ങളുടെ ഇടയിലുള്ള പോഷകക്കുറവ് പരിഹിരക്കാന്‍ സര്‍ക്കാര്‍ ബഹുവിധ-ദീര്‍ഘകാല സമഗ്ര സമീപനം തയാറാക്കേണ്ടതുണ്ട്.








