മദ്യം ഉപേക്ഷിക്കാൻ കഴിയുന്നില്ല; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്,

0
6

മദ്യപാനം മൂലമുള്ള കരൾ രോഗം ബാധിച്ചവർക്ക് മദ്യത്തിൻ്റെ ദൂഷ്യവശങ്ങൾ അറിയാമെങ്കിലും മദ്യപാനം നിർത്താൻ സാധിക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ (ഐഎൽബിഎസ്) വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മദ്യത്തോടുള്ള കടുത്ത ആശ്രിതത്വമാണ് ഇത് ഉപേക്ഷിക്കുന്നതിന് പ്രധാന തടസമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിലാണ് (ഐജെഎംആർ) പഠനം പ്രസിദ്ധീകരിച്ചത്. ഐഎൽബിഎസിലെ സൈക്യാട്രി, നഴ്സിങ്, ഹെപ്പറ്റോളജി വിഭാഗങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2023 ജനുവരി മുതൽ 2025 ഡിസംബർ വരെ ആശുപത്രിയിൽ കിടത്തിച്ചികിത്സയിലുള്ളവരും അല്ലാത്തവരുമായ 3,759 പുരുഷ രോഗികളെയാണ് പഠനവിധേയമാക്കിയത്. ഇവരുടെ മദ്യപാന രീതികൾ, മദ്യത്തോടുള്ള ആശ്രിതത്വം, മദ്യപാനം നിർത്താനുള്ള താത്പര്യം, മദ്യപാനം മൂലമുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണം എന്നിവയാണ് ഗവേഷകർ പരിശോധിച്ചത്.

തുടരുന്ന മദ്യപാനം
പഠനത്തിൽ പങ്കെടുത്തവരിൽ 78 ശതമാനം പേരും (2,932 രോഗികൾ) കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ മദ്യം കഴിച്ചതായി റിപ്പോർട്ട് ചെയ്തു. എന്നാൽ 22 ശതമാനം പേർ (827 രോഗികൾ) മാത്രമാണ് 60 ദിവസത്തിലധികം മദ്യപിക്കാതെ മാറിനിന്നത്. കൃത്യമായ വൈദ്യോപദേശം ലഭിച്ചിട്ടും മദ്യപാനം മൂലമുള്ള കരൾ രോഗം ബാധിച്ചവരിൽ മദ്യപാനം പൂർണമായി നിർത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. ദീർഘകാലത്തെ മദ്യപാനം തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഇത് മദ്യത്തോടുള്ള ആസക്തി വർധിപ്പിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞാൽ പോലും മദ്യപാനം തുടരാൻ ഇത് കാരണമാകുന്നു.

മദ്യപാന ശീലം
പഠനത്തിൽ പങ്കെടുത്തവരിൽ 78 ശതമാനം പേരും അഞ്ച് വർഷത്തിലധികമായി മദ്യപിക്കുന്നവരാണ്. മദ്യപാനം തുടരുന്നവരിൽ പലരും 15 വർഷത്തിലധികമായി ഈ ശീലമുള്ളവരാണെന്നും കണ്ടെത്തി. 77.3 ശതമാനം പേരും (2,905 രോഗികൾ) ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മദ്യപിക്കുന്നവരാണ്. മിക്കവരും പ്രതിദിനം 180 മുതൽ 300 മില്ലിലിറ്റർ വരെ മദ്യം കഴിക്കുന്നവരാണ്. എന്നാൽ മദ്യപാനം നിർത്തിയവരിൽ ഭൂരിഭാഗം പേരും പ്രതിദിനം 300 മില്ലിലിറ്ററിലധികം മദ്യം കഴിച്ചിരുന്നവരാണെന്ന് പഠനം വ്യക്തമാക്കുന്നു. അമിതമായ മദ്യപാനം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതിനാലാകാം ഇവർ മദ്യപാനം നിർത്തിയതെന്ന് ഗവേഷകർ വിലയിരുത്തുന്നു.

മദ്യപാനം നിർത്താനുള്ള ശ്രമങ്ങൾ
പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും (57.4 ശതമാനം അഥവാ 2,158 പേർ) ഒരു തവണയെങ്കിലും മദ്യപാനം നിർത്താൻ ശ്രമിച്ചതായി റിപ്പോർട്ട് ചെയ്തു. മദ്യപാനം നിർത്തിയവർ പലതവണ ഇതിനായി ശ്രമിച്ചവരാണ്. എന്നാൽ മദ്യപാനം തുടരുന്നവരിൽ വലിയൊരു വിഭാഗം ഒരിക്കൽപ്പോലും ഇത് നിർത്താൻ ശ്രമിച്ചിട്ടില്ല. മദ്യത്തോടുള്ള ആശ്രിതത്വത്തിൻ്റെ കാര്യത്തിലും ഇരുവിഭാഗങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ മദ്യപിച്ചവരിൽ ആശ്രിതത്വത്തിൻ്റെ തോത് കൂടുതലാണ്. ഇത് അവരുടെ മാനസികമായ ആശ്രിതത്വത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാൽ മദ്യപാനം നിർത്താനുള്ള ഇവരുടെ തീരുമാനം പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ്.

ബോധവത്കരണവും യാഥാർഥ്യവും
മദ്യപാനം തുടരുന്ന രോഗികൾക്ക് മദ്യത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും കൂടുതൽ അറിവുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തൽ. എന്നാൽ കടുത്ത ആശ്രിതത്വമുള്ളപ്പോൾ അറിവും താത്പര്യവും മാത്രം പോരാതെ വരുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. മദ്യപാനം നിർത്താനുള്ള പ്രായോഗിക ഘട്ടത്തിൽ നിൽക്കുന്നവർ ഇരുവിഭാഗത്തിലും സമാനമാണ്. മദ്യപാനം തുടരുന്നവരിൽ ഇത് 55.3 ശതമാനവും നിർത്തിയവരിൽ 54.3 ശതമാനവുമാണ്. മദ്യപാനം നിർത്തിയവരിൽ കരൾ രോഗം കൂടുതൽ ഗുരുതരമാണെന്നും പഠനം കണ്ടെത്തി. മദ്യപാനം നിർത്തിയവരിൽ എംഇഎൽഡി സ്കോർ ശരാശരി 21.7 ഉം മദ്യപാനം തുടരുന്നവരിൽ ഇത് 20 ഉം ആണ്. രോഗം മൂർച്ഛിക്കുന്നത് മദ്യപാനം നിർത്താനുള്ള ഒരു പ്രധാന കാരണമാകാം. എന്നാൽ രോഗം ഗുരുതരമായവർ ചികിത്സ തേടുന്നതിന് മുൻപ് തന്നെ മരണപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ഈ കണ്ടെത്തലുകളിൽ മാറ്റമുണ്ടാകാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

വിദഗ്ധരുടെ പ്രതികരണം
മദ്യപാന ശീലത്തിലേക്ക് ആളുകൾ എങ്ങനെ വീഴുന്നു എന്നതിൻ്റെ നിലവിലെ അവസ്ഥയാണ് പഠനം വെളിപ്പെടുത്തുന്നതെന്ന് പ്രമുഖ ആരോഗ്യ വിദഗ്ധനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ ഫിനാൻസ് സെക്രട്ടറിയുമായ ഡോ. എസ് ബാലി തിങ്കളാഴ്ച ഇടിവി ഭാരതിനോട് പറഞ്ഞു. മദ്യപാനം ഒരു ശീലമായതിനാൽ അത് ഉപേക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും പഠനത്തിലെ കണ്ടെത്തലുകൾ തികച്ചും ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വരും തലമുറയെങ്കിലും ഇത്തരം ശീലങ്ങളിൽ അകപ്പെടാതിരിക്കാൻ മദ്യത്തിൻ്റെ അമിതമായ ഉപയോഗം തടയുകയാണ് വേണ്ടത്. മദ്യത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം. മദ്യപാനത്തിനും പുകവലിക്കും സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കാവുന്നതാണെന്നും ഡോ. എസ് ബാലി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here