തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിനിയും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ സൈബര്‍ പൊലീസ് കേസെടുത്തു. മെന്‍സ് റൈറ്റ് അസോസിയേഷനാണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്.
ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.കേസ് രജിസ്റ്റര്‍ ചെയ്ത് സൈബര്‍ പൊലീസ് എഫ്.ഐ.ആര്‍. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകള്‍ ചുമത്തിയുള്ള എഫ്.ഐ.ആറാണ് പൊലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.അതേസമയം തന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്ബ്നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. അതൊന്നും തന്റെ യൂട്യൂബ് ചാനലല്ലെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ വ്യക്തമാക്കിയിരുന്നു. തന്റെ യഥാര്‍ത്ഥ യൂട്യൂബ് ചാനലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.