നന്ദി മെസി, ഫുട്ബോളിനെ ഇത്രമേൽ സുന്ദരമാക്കിയതിന്!, അവസാന നൃത്തം ഒക്‌ടോബര്‍ 6ന്

0
2

ഹൈദരാബാദ്: ഒക്ടോബർ 6ന് അർജൻ്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ വിഖ്യാതമായ എൽ മോണ്യുമെൻ്റൽ സ്റ്റേഡിയം കണ്ണീരണിയുമെന്ന് ഉറപ്പ്. ആഗോള ഫുട്ബോൾ ചരിത്രത്തിൽ ഈ തീയതി സ്വർണലിപികളാലല്ല, മറിച്ച് കോടിക്കണക്കിന് ആരാധകരുടെ കണ്ണീർത്തുള്ളികളാലാവും രേഖപ്പെടുത്തപ്പെടുക. അന്ന് കേവലം ഒരു മത്സരവേദി മാത്രമായിരിക്കില്ല, മറിച്ച് ഫുട്ബോൾ ലോകത്തിൻ്റെ മിശിഹ, എക്കാലത്തെയും മികച്ച ഇതിഹാസം തൻ്റെ നീലയും വെള്ളയും ജേഴ്സിയോട് വിടപറയുന്ന വൈകാരിക നിമിഷങ്ങള്‍ക്കായിരിക്കും സാക്ഷിയാകുക. അതെ, ഫുട്‌ബോള്‍ ദൈവത്തിൻ്റെ അവസാന ആട്ടം.

കഴിഞ്ഞ ഓഗസ്റ്റിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് തൻ്റെ വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസി, തൻ്റെ പ്രിയപ്പെട്ട സ്വന്തം ജനതയ്ക്ക് മുന്നിൽ അവസാനമായി ബൂട്ട് കെട്ടുകയാണ്. ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജൻ്റീനൻ ജേഴ്സിയിൽ തൻ്റെ 208-ാം മത്സരത്തോടെ 39-കാരനായ ഈ മാന്ത്രികൻ അന്താരാഷ്ട്ര കരിയറിന് പൂർണവിരാമമിടും.

“ഒക്ടോബർ 6-ന് നടക്കുന്ന അവസാന സൗഹൃദ മത്സരത്തിനുള്ള സ്ക്വാഡിൽ ലയണൽ മെസ്സി, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ എന്നിവരും പങ്കുചേരും. ആഭ്യന്തര ലീഗിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കളിക്കാരുടെ പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിക്കും,” അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

ഒരു യുഗത്തിൻ്റെ അന്ത്യം, ഒരു സാമ്രാജ്യത്തിൻ്റെ പടിയിറക്കം

argentina vs benin  messi football career  Messi last match Argentina  Lionel Messi retirement

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാൽപ്പന്ത് കളിയെ തൻ്റെ ഇടംകാലിലെ മാന്ത്രികത കൊണ്ട് വിസ്മയിപ്പിച്ച മിശിഹായുടെ അവസാന നൃത്തത്തിന് സാക്ഷ്യം വഹിക്കാൻ 85,000-ത്തോളം കാണികളാണ് എൽ മോണ്യുമെൻ്റൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുക. 2026-ലെ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പൊരുതി വീണതിന് പിന്നാലെയായിരുന്നു മെസി തൻ്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇതുവരെ രാജ്യത്തിനായി 125 ഗോളുകൾ അടിച്ചുകൂട്ടിയ തങ്ങളുടെ പ്രിയപ്പെട്ട നായകന് അർഹിച്ച യാത്രയയപ്പ് നൽകാൻ അർജൻ്റീനൻ ഫുട്ബോൾ അസോസിയേഷൻ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. അർജൻ്റീനയുടെ പരമ്പരാഗത നൃത്തരൂപമായ ‘ടാങ്കോ’യുടെ താളത്തിൽ കളിക്കളത്തിൽ മാന്ത്രികത തീർത്ത എട്ടാം ബാലൺ ഡി ഓൺ ജേതാവിന് ജന്മനാട് നൽകുന്ന ഏറ്റവും വലിയ ആദരമായിരിക്കും ഈ മത്സരം. കോപ്പ അമേരിക്കയും ഫൈനലിസിമയും ഒടുവിൽ 2022-ൽ ഖത്തറിൻ്റെ മണ്ണിൽ വച്ച് ഫുട്ബോൾ ലോകത്തിൻ്റെ കിരീടമില്ലാത്ത രാജാവിന് ലോകകിരീടവും നേടിക്കൊടുത്ത മെസി, തൻ്റെ അന്താരാഷ്ട്ര കരിയർ പൂർണസംതൃപ്തിയോടെയാണ് അവസാനിപ്പിക്കുന്നത്. 2022-ൽ ഖത്തറിൻ്റെ മണ്ണിൽ മെസിക്കൊപ്പം ലോകകിരീടം ഉയർത്തിയ എല്ലാ സഹതാരങ്ങളും ഈ വിടവാങ്ങൽ രാത്രിയിൽ അദ്ദേഹത്തിനൊപ്പം മൈതാനത്തുണ്ടാകും എന്നത് ആ രാത്രിയുടെ മാറ്റുകൂട്ടുന്നു.

argentina vs benin  messi football career  Messi last match Argentina  Lionel Messi retirement

മത്സരത്തിൻ്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ, ആ നീലയും വെള്ളയും ധരിച്ച പത്താം നമ്പർ സുൽത്താൻ മെല്ലെ പിച്ചിൽ നിന്ന് നടന്നു നീങ്ങുമ്പോൾ, എൽ മോണ്യുമെൻ്റൽ സ്റ്റേഡിയം മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ കണ്ണുകളാണ് അന്ന് ഈറനണിയുക. കാരണം, കാൽപ്പന്തിൻ്റെ ചരിത്രപുസ്തകത്തിലെ ഏറ്റവും മനോഹരമായ ഒരു അധ്യായമാണ് ഒക്ടോബർ 6-ന് അവിടെ അവസാനിക്കുന്നത്.

അര്‍ജൻ്റീന ഏറ്റുമുട്ടന്ന ബെനിനെ കുറിച്ച്…

പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമാണ് ബെനിൻ. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷന് (CAF) കീഴിലാണ് ഈ ടീം അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്നത്. നിലവിൽ ഫിഫ പുരുഷ റാങ്കിങ്ങിൽ 93-ാം സ്ഥാനത്താണ്. ഫിഫ ലോകകപ്പിൻ്റെ പ്രധാന വേദിയിലേക്ക് ഇതുവരെ യോഗ്യത നേടാൻ ബെനിന് സാധിച്ചിട്ടില്ല. എങ്കിലും ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ (AFCON) അവർ പലതവണ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2019-ലെ ആഫ്രിക്കൻ കപ്പിൽ ശക്തരായ മൊറോക്കോയെ അട്ടിമറിച്ച് ക്വാർട്ടർ ഫൈനൽ വരെ എത്തിയതാണ് അന്താരാഷ്ട്ര തലത്തിൽ ഇവരുടെ ഏറ്റവും മികച്ച പ്രകടനം.

LEAVE A REPLY

Please enter your comment!
Please enter your name here