ന്യൂഡല്‍ഹി: ചെലവും ജീവനാംശവും നല്‍കുന്നതിലെ മത, ലിംഗ വിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. അഭിഭാഷകനായ അശ്വിന്‍ കുമാര്‍ ഉപാധ്യായയാണ് ഇതു സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.
ഭരണഘടനയില്‍ മത, ലിംഗ വിവേചനങ്ങള്‍ ഒഴിവാക്കാനുള്ള വകുപ്പുകളുണ്ടെങ്കിലും ജീവനാംശ കേസുകളില്‍ വിവേചനങ്ങള്‍ നിലനിലര്‍ക്കുകയാണെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര കണ്‍വന്‍ഷനുകള്‍ക്കനുസരിച്ച് മൂന്നു മാസത്തിനുള്ളില്‍ നിയമം പുനപ്പരിശോധിക്കാന്‍ നിയമ കമ്മീഷന് നിര്‍ദേശം നല്‍കാനാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാതി, മതം, വംശം, ലിംഗം, പ്രദേശം തുടങ്ങിയവ ജീവനാംശ കേസില്‍ പരിഗണിക്കരുത്.സ്വാതന്ത്ര്യം നേടി 73 വര്‍ഷമായി, സോഷ്യലിസ്റ്റ് മതേതര രാജ്യമായിട്ട് 70 വര്‍ഷവും കഴിഞ്ഞു. എന്നിട്ടും വിവേചനങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ഇത്തരം വിവേചനങ്ങള്‍ സ്ത്രീകളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും പിതൃമേധാവിത്ത ഘടനയെ ശക്തിപ്പെടുത്തുന്നുവെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.