മുംബൈ: ഹാഥറസ് സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. അയോധ്യയില്‍ രാമക്ഷേത്രത്തിന് ശിലയിട്ടെങ്കിലും യു.പി രാമരാജ്യമായില്ല. കാട്ടുഭരണമാണ് യു.പിയില്‍ ഇപ്പോഴും നില നില്‍ക്കുന്നതെന്ന് ശിവസേന പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ നേരിടുന്നതില്‍ യു.പി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും പരാജയപ്പെട്ടുവെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്നയിലെഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് അനുദിനം വര്‍ധിക്കുകയാണ്. ബലാത്സംഗത്തിനിരയായെന്നാണ് ഹഥറാസ് പെണ്‍കുട്ടിയുടെ മരണമൊഴി. എന്നാല്‍, ഇതിന് വിരുദ്ധമായ വാദങ്ങളാണ് യു.പി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. ഹഥറാസിന് പിന്നാലെ ബല്‍റാംപൂരിലും കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് യുവതി കൊല്ലപ്പെട്ടതും സാമ്ന എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് മരിച്ചപ്പോള്‍ യോഗി ആദിത്യനാഥിന്‍െറയും ബി.ജെ.പിയുടേയും പ്രസ്താവനകള്‍ നമ്മള്‍ കണ്ടതാണ്. പക്ഷേ ഇപ്പോള്‍ അവര്‍ എന്തുകൊണ്ടാണ് നിശ്ശബ്ദരാവുന്നതെന്നും ശിവസേന ചോദിച്ചു.