ഗാർഹിക എൽപിജി ബുക്കിങ് കാലാവധിയിൽ കേന്ദ്ര സർക്കാർ മാറ്റംവരുത്തി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽപിജി വിതരണം തടസപ്പെട്ടതോടെ 45 ദിവസത്തെ ഇടവേള നിശ്ചയിച്ച തീരുമാനത്തിലാണ് സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. ഇനി ഗ്രാമ-നഗര വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ ബുക്ക് ചെയ്യാം.
കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരം പുറത്തുവിട്ടത്. എണ്ണ വിപണന കമ്പനികൾക്ക്ഇത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം അടിയന്തര നിർദേശം നൽകി.
2026 ഫെബ്രുവരിയിൽ യുഎസ്-ഇറാൻ സംഘർഷവും തുടർന്നുണ്ടായ ഹോർമുസ് കടലിടുക്കിലെ ഉപരോധവും ആഗോള എണ്ണ-ഊർജ വിതരണ ശൃംഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ഊർജ ഇറക്കുമതി തടസ്സപ്പെടുകയും രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുകയും ചെയ്തേക്കാവുന്ന സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ മുമ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി അവശ്യസാധന നിയമപ്രകാരം നഗരങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായി ബുക്കിങ് ഇടവേള പുനഃക്രമീകരിക്കുകയും, C3, C4 തുടങ്ങിയ പ്രത്യേക വാതകങ്ങൾ എൽപിജി ഉൽപ്പാദനത്തിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിതരണ തടസ്സങ്ങൾ രാജ്യത്ത് പാചകവാതക വില വർധനവിനും കാരണമായി. മാർച്ചിൽ ഗാർഹിക സിലിണ്ടറിന് 60 രൂപയും, തുടർന്ന് ജൂണിൽ 29 രൂപയും വര്ധിപ്പിച്ചതോടെ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 942 രൂപയായി ഉയർന്നിരുന്നു.






