ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സണ്ണി എം. കപിക്കാട്

0
2
ശബരിമല അയ്യപ്പനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ മലയാളി സമൂഹത്തോട് തുറന്ന ഖേദം പ്രകടിപ്പിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി എം. കപിക്കാട്. ഉപയോഗിച്ച വാക്കുകളിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി ബോധപൂർവം വിവാദമാക്കുന്നത് ഹിന്ദുത്വവാദികളാണെന്നും സണ്ണി കപിക്കാട് ആരോപിച്ചു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
മലയാളം സർവകലാശാലയിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സണ്ണി കപിക്കാട് പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും അടിയന്തരമായി ഇടപെട്ട് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here