പത്തനംതിട്ട: ആറന്മുള ഉത്യട്ടാതി ജലമേള ഓഗസ്റ്റ് 30ന്. ജലമേള ഉപരാഷ്‌ട്രപതി സിപി രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. സത്രക്കടവില്‍ ജലമേളയ്‌ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉപരാഷ്ട്രപതി എത്തുന്നതിൻ്റെ ഭാഗമായി ആറന്മുളയില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. അതുകൊണ്ട് ഓഗസ്റ്റ് 30ന് ആറന്മുള എഞ്ചിനീയറിങ് കോളജില്‍ നടക്കുന്ന നീറ്റ് പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾക്കായി ആറന്മുള പൊലീസ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ആറന്മുള എഞ്ചിനീയറിങ് കോളജിൽ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് രാവിലെ ഏഴ് മുതൽ കോളജിൽ പ്രവേശിക്കാം. വിദ്യാർഥികൾ കോളജിൽ പ്രവേശിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണം ഇല്ല. പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പന്തളം ഭാഗത്തേക്ക് (എംസി റോഡിലേക്ക്) യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഇല്ല.
ഗതാഗത നിയന്ത്രണം വിശദമായി
പത്തനംതിട്ട ഭാഗത്തേക്ക് കോഴഞ്ചേരി വഴി യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച് വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകണം.
എഞ്ചിനീയറിങ് കോളജിൽ നിന്ന് ആറന്മുള – പന്തളം റോഡിലെത്തി ഇടത്തേക്ക് തിരിഞ്ഞ് കിടങ്ങന്നൂർ എത്തി പത്തനംതിട്ടയിലേക്ക് ഇലന്തൂർ വഴിയോ ഇലവുംതിട്ട വഴിയോ പോകാവുന്നതാണ്.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണം. ആറന്മുള ഐക്കര ജങ്‌ഷനിലേക്കും ഐക്കര ജങ്‌ഷൻ മുതൽ തെക്കേമല ജങ്‌ഷൻ വരെയും പൂർണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്‌ടർ അറിയിച്ചു.
ആറന്മുള വള്ളംകളി ഐതീഹ്യം
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദിനമായ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ക്ഷേത്രത്തിനടുത്ത് പമ്പാനദിയിൽ വള്ളംകളി നടക്കുക. 52 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കും. മന്നം മെമ്മോറിയൽ ട്രോഫി, ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി, മാതൃഭൂമി ട്രോഫി, മനോരമ ട്രോഫി, തോഷിബാ ആനന്ദ് ട്രോഫി, ചങ്ങംകേരി തങ്കപ്പനാചാരി ട്രോഫി എന്നീ സമ്മാനങ്ങളാണ് ആറന്മുള വള്ളംകളിയിൽ വിവിധ വിഭാഗങ്ങൾക്ക് നൽകുന്നത്.
ഭട്ടതിരി തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി ഒരു വലിയ തോണിയിൽ (തിരുവോണത്തോണി) ആറന്മുള ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. എന്നാൽ വഴിമധ്യേ കാട്ടുമൂർത്തികളും ശത്രുക്കളും ചേർന്ന് ഈ തോണി ആക്രമിക്കാൻ സാധ്യതയുണ്ടായിരുന്നു.
ഈ വിവരം അറിഞ്ഞ ചുറ്റുവട്ടത്തുള്ള കരക്കാർ (ഗ്രാമവാസികൾ) തങ്ങളുടെ വലിയ വള്ളങ്ങളായ പള്ളിയോടങ്ങളിൽ ആയുധങ്ങളുമായി എത്തി തിരുവോണത്തോണിക്ക് സംരക്ഷണം നൽകി. ഭട്ടതിരിയെയും സദ്യവട്ടങ്ങളെയും അവർ സുരക്ഷിതമായി ആറന്മുള ക്ഷേത്രത്തിൽ എത്തിച്ചു.
ഈ സംഭവത്തിൻ്റെ ഓർമ്മ പുതുക്കാനായാണ് എല്ലാ വർഷവും ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിൽ ആറന്മുളയിൽ പള്ളിയോടങ്ങളുടെ മത്സരം അഥവാ ആറന്മുള വള്ളംകളി നടത്താൻ തുടങ്ങിയത്. കേവലമൊരു മത്സരമെന്നതിലുപരി ഭഗവാനുള്ള വഴിപാടായാണ് ആറന്മുളക്കാർ ഈ വള്ളംകളിയെ കാണുന്നത്.






