ഉന്നതതല ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിലേക്ക് പുറപ്പെട്ടു. അതിർത്തി സംഘർഷങ്ങൾ കുറയ്ക്കുക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അജിത് ഡോവൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന സ്പെഷ്യൽ റപ്രസന്റേറ്റീവ്സ് ചർച്ചയുടെ 25-ാം റൗണ്ടിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികളുമാകും പ്രധാനമായും ചർച്ച ചെയ്യുക. ഇരു രാജ്യങ്ങളും തമ്മിലുള്ള 3,488 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി തർക്കം പരിഹാരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതും ചർച്ചയുടെ ഭാഗമാകും.
അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി മേഖലയിൽ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഡോവലിന്റെ സന്ദർശനം. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ ഇരു പ്രതിനിധികളും വിശദമായി വിലയിരുത്തും.2024 ഒക്ടോബറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സൈനിക പിന്മാറ്റ ധാരണയും തുടർന്ന് സൈനിക ഏറ്റുമുട്ടലുകൾ കുറയ്ക്കുന്നതിനായി സ്വീകരിച്ച നടപടികളും ചർച്ചയിൽ അവലോകനം ചെയ്യും. അതിർത്തിയിൽ പട്രോളിംഗ് പുനഃസ്ഥാപിക്കുന്നതും 2020ലെ ഗൽവാൻ സംഘർഷത്തിന് ശേഷം ആരംഭിച്ച ബന്ധം സാധാരണ നിലയിലാക്കുന്നത് കൂടുതൽ ശക്തിപ്പെടുത്തുന്നതും ചർച്ച ചെയ്യുമെന്നാണ് വിവരം.
കിഴക്കൻ, മധ്യമേഖലകളിലെ അതിർത്തി മാനേജ്മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും നിലവിലുള്ള പടിഞ്ഞാറൻ മേഖലയിലെ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതും ചർച്ചയാകും. ഇന്ത്യ-ചൈന ബന്ധത്തിന്റെ പൊതുവായ സ്ഥിതിയും 2005ലെ രാഷ്ട്രീയ മാനദണ്ഡങ്ങളും മാർഗനിർദേശ തത്വങ്ങളും സംബന്ധിച്ച കരാർ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു പ്രതിനിധികളും വിലയിരുത്തും.
സെപ്റ്റംബർ 12, 13 തീയതികളിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഡോവലിന്റെ സന്ദർശനം. അതിർത്തിയിലെ പിരിമുറുക്കം കുറച്ച് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചർച്ചകളുടെ പ്രധാന ലക്ഷ്യം. അതിർത്തി മാനേജ്മെന്റ്, വിശ്വാസം വർദ്ധിപ്പിക്കുന്ന നടപടികൾ, അതിർത്തി കടന്നുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെടും.ഷി ജിൻപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. 2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിലാണ് മോദിയും ഷിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.








