ഓണക്കാലത്ത് കുടിക്കുന്നത് പാല്‍ തന്നെയാണോ? സൗജന്യമായി പരിശോധിച്ചറിയാം

0
6

കൊച്ചി: ഓണക്കാലത്ത് വിപണിയിലെത്തുന്ന പാല്‍ ശുദ്ധമാണോ എന്നറിയാൻ വഴിയൊരുങ്ങി. എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളിൽ ഇതിനുള്ള സൗകര്യം സംസ്ഥാന സർക്കാര്‍ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ കളക്ടറേറ്റിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ പൊതുജനങ്ങൾക്ക് ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന പാലും വിപണിയിലെ വിവിധ കമ്പനികളുടെ പാലും സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ ക്ഷീര വികസന വകുപ്പിന്റെ ഇൻഫർമേഷൻ സെന്ററുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ലാബിൽ സൗജന്യമായി പരിശോധിച്ച് ഉറപ്പുവരുത്താം. കൂടാതെ, പാലിലെ മായം ചേർക്കലുകളെയും ഗുണനിലവാരത്തെയും സംബന്ധിച്ച സംശയനിവാരണത്തിനും അവസരമുണ്ടാകും. മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിലാണ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പരിശോധനയ്ക്കുള്ള പാൽ സാമ്പിളുകൾ ഓഗസ്റ്റ് 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് മണി വരെ ഓഫീസിൽ നേരിട്ടെത്തിക്കാം

ഓണക്കാലത്ത് ജില്ലയിലെത്തുന്ന പാലിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ കാസർകോട് ക്ഷീരവികസന വകുപ്പ് ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ സെന്റർ ആരംഭിച്ചു. ആഗസ്റ്റ് 24 ന് വൈകുന്നേരം 5 വരെ കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പിൻ്റെ ഗുണനിയന്ത്രണ ലാബിലാണ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുക. താൽപര്യമുള്ളവർ 200 മില്ലി ലിറ്റർ പാലുമായി ഇൻഫർമേഷൻ സെന്ററിൽ എത്തിച്ചേരാവുന്നതാണ്.

കണ്ണൂർ ജില്ലയിലും ഇതേ സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ഷീരവികസന വകുപ്പിൻ്റെ ജില്ലാ ഗുണമേന്‍മാ നിയന്ത്രണ വിഭാഗത്തിന്റെ ഈ സംവിധാനം ഈ മാസം 24 തിങ്കള്‍ വൈകീട്ട് 5 വരെ ലാബില്‍ പാല്‍ പരിശോധനയ്ക്ക് നല്‍കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റര്‍ പാല്‍ സാമ്പിള്‍കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം.

പാലിൻ്റെ ഗുണനിലവാരത്തെപ്പറ്റിയുള്ള സംശയമകറ്റുന്നതിന് ഉപഭോക്താക്കള്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: 9747336094, 9447204204.

വയനാട്ടിലും ഇതേ സംവിധാനം നിലവിലുണ്ട്. പരിശോധനയ്ക്ക് കുറഞ്ഞത് 20 മില്ലീലിറ്റർ പാൽ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം. പാലിന് ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ തുടർ നടപടികൾക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരമറിയിക്കും. ഫോൺ: 04936 203093.

കോട്ടയത്തും ഓഗസ്റ്റ് 20 മുതൽ 24 വരെ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പാൽ ഗുണനിലവാരപരിശോധന സംഘടിപ്പിക്കുന്നുണ്ട്. ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഈ സൗകര്യമുണ്ടാവുക.

പാലക്കാട്‌ ഓഗസ്റ്റ് 20 മുതൽ 24 വരെ ഗുണനിലവാര പരിശോധന നടത്താൻ സൗകര്യമുണ്ട്. സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലെ ക്ഷീരവികസന വകുപ്പിൻ്റെ ഗുണനിയന്ത്രണ ലാബിലാണ് പരിശോധന. ഫോൺ: 0491 2505157.

LEAVE A REPLY

Please enter your comment!
Please enter your name here