ചായവില ഇനിയും കൂടും? പഞ്ചസാര പ്രതിസന്ധി രൂക്ഷം;

0
6

ന്യൂഡല്‍ഹി: രാജ്യത്ത് പഞ്ചസാര വില കൂടുന്നതിന് പിന്നിൽ എത്തനോൾ ഉൽപാദനമല്ലെന്ന് കേന്ദ്രം. കഴിഞ്ഞ ഒക്ടോബറിൽ മഹാരാഷ്ട്രയിലുണ്ടായ അമിതമഴയും, ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും കരിമ്പ് വിളയെ ബാധിച്ച ‘റെഡ് റോട്ട്’ , ‘ടോപ്പ് ബോറർ’ (Top Borer) രോഗങ്ങളും ഉൽപാദനം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് വില കൂടുന്നതെന്ന് കേന്ദ്രം വാദിക്കുന്നു. എത്തനോളിന് വേണ്ടി വൻതോതിൽ കരിമ്പ് ഉപയോഗിച്ചതാണ് പഞ്ചസാരയുടെ ലഭ്യത കുറച്ചതും വില കൂട്ടിയതുമെന്ന് ആരോപണം ശക്തമാണ്.

അതെസമയം പഞ്ചസാര വില ഇനിയും ഉയരാനുള്ള സാധ്യത നിലനിൽക്കുകയാണ്. നടപ്പു സീസണിൽ (ഒക്ടോബർ-സെപ്റ്റംബർ) രാജ്യത്തെ പഞ്ചസാര ഉൽപ്പാദനം 306 ലക്ഷം ടണ്ണായി കുറയുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. ഇത് സംസ്ഥാനങ്ങൾ ആദ്യം പ്രവചിച്ച 343 ലക്ഷം ടണ്ണിനേക്കാൾ 11 ശതമാനം കുറവാണ്. നേരത്തെ വ്യവസായ സംഘടനയായ ഐഎസ്എംഎ പ്രവചിച്ചിരുന്നത് 348 ലക്ഷം ടൺ പഞ്ചസാര ഉൽപാദനം നടക്കുമെന്നായിരുന്നു. ഒക്ടോബർ 1-ലെ പ്രാരംഭ സ്റ്റോക്ക് മുൻവർഷത്തെ 50 ലക്ഷം ടണ്ണിൽ നിന്ന് 33-34 ലക്ഷം ടണ്ണായി കുറയുമെന്നാണ് വിവരം.

നിലവിൽ പഞ്ചസാരയുടെ ചില്ലറ വില കിലോയ്ക്ക് 58.2 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് ഒരു മാസം മുമ്പത്തെ വിലയെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. 2025നെ അപേക്ഷിച്ച് വില 26 ശതമാനമാണ് കൂടിയിരിക്കുന്നത്. അതെസമയം നിലവിലെ പഞ്ചസാര പ്രശ്നം പരിഹരിക്കാൻ 10 ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

പഞ്ചസാര വില ഉയരുന്നത് ചായയുടെ വില കുറയാനുള്ള സാധ്യത കുറയ്ക്കുകയാണ്. ഹോർമുസ് പ്രതിസന്ധിക്കു പിന്നാലെ പാചകവാതക വില വൻതോതിൽ ഉയർന്നത് ചായയുടെയും മറ്റ് റസ്റ്റോറന്റ് ഭക്ഷ്യവസ്തുക്കളുടെയും വിലയിൽ വലിയ വർധന വരുത്തിയിരുന്നു. പഞ്ചസാര വില ഉയർന്നു നിൽക്കുന്നതോടെ ചായവിലയിൽ എന്തെങ്കിലും നീക്കുപോക്ക് ഉണ്ടാകാനുള്ള സാധ്യത വീണ്ടും അടയുകയാണ്.

പഞ്ചസാര എത്തനോൾ ഉൽപാദനത്തിലേക്ക് മാറ്റുന്നത് കൊണ്ടാണ് വില വർധിക്കുന്നത് എന്ന ആരോപണം കേന്ദ്ര ഭക്ഷ്യ മന്ത്രാലയം തള്ളുകയാണ്. എത്തനോളിനായി ഉപയോഗിക്കുന്ന പഞ്ചസാരയുടെ വിഹിതം കുറഞ്ഞു എന്നാണ് അവകാശവാദം. 2022 – 2023 കാലയളവിൽ 12 ശതമാനം പഞ്ചസാര ഇതിനായി ഉപയോഗിച്ചിരുന്നു. ഇത് ഇപ്പോൾ 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ ഇന്ത്യയിലെ എത്തനോളിന്റെ മുക്കാൽ ഭാഗവും ധാന്യങ്ങളിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നതെന്നും കേന്ദ്രം പറയുന്നു. ഉൽപ്പാദനം കുറയുമെന്ന് ഉറപ്പായതോടെ മേയ് തുടക്കത്തിൽ തന്നെ പഞ്ചസാര കയറ്റുമതി പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here