ന്യൂഡൽഹി: ഡൽഹി-അമൃത്സർ-കത്ര എക്‌സ്‌പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഡൽഹി മുതൽ കത്ര വരെയുള്ള യാത്രാസമയം ഏകദേശം 14 മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായും ഡൽഹി മുതൽ അമൃത്സർ വരെയുള്ള യാത്രാസമയം എട്ട് മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായും കുറയും.
ഹരിയാനയിലെ ജിന്ദിൽ ഏകദേശം 9,680 കോടി രൂപ ചെലവിൽ നിർമിച്ച ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേയുടെ 157.92 കിലോമീറ്റർ ദൈർഘ്യമുള്ള പാക്കേജ് 1 മുതൽ 5 വരെയുള്ള ഭാഗങ്ങൾ (നാല് വരി പാത) മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
തുടർന്ന് പഞ്ചാബിലെ ജലന്ധറിൽ വച്ച് എക്‌സ്‌പ്രസ്‌വേയുടെ 30.9 കിലോമീറ്റർ ദൈർഘ്യമുള്ള പാക്കേജ് 6ൻ്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. 667 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-അമൃത്സർ-കത്ര എക്‌സ്‌പ്രസ്‌വേയുടെ ഭാഗമായ ഈ പാത NH-44ലെ (ജിടി റോഡ്) ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും ശ്രീ മാതാ വൈഷ്ണോ ദേവിയിലേക്കുള്ള തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വരവ് വർധിപ്പിക്കാനും പാതയോരത്തുള്ള വ്യവസായ-ലോജിസ്റ്റിക്‌സ് മേഖലകളുടെ വികസനത്തിന് ആക്കം കൂട്ടാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തിൻ്റെ വികസനങ്ങൾക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രി
ഹരിയാനയിലെ ജിന്ദിൽ നിന്നായിരിക്കും രാജ്യത്തിൻ്റെ വികസനങ്ങൾക്ക് തറക്കല്ലിടാനും അവ സന്ദർശിക്കാനുമുള്ള പ്രധാനമന്ത്രിയുടെ യാത്ര ആരംഭിക്കുന്നത്. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വച്ച് ജിന്ദ്-സോനിപത് റൂട്ടിൽ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ജിന്ദിലെ ഏകലവ്യ സ്റ്റേഡിയത്തിൽ വെച്ച് ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും പ്രധാനമന്ത്രി അവ രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ ട്രെയിൻ ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇവ വൈദ്യുതി ഉത്‌പാദിപ്പിക്കുമ്പോൾ ജലബാഷ്‌പം മാത്രമാണ് ഉപോത്പന്നമായി പുറന്തള്ളുന്നത് എന്നതിനാൽ കാർബൺ ഉദ്‌വമനം പൂർണമായും ഒഴിവാക്കപ്പെടുന്നു. 10 കോച്ചുകളും 3,200 എച്ച്പി (HP) ശേഷിയുമുള്ള ഈ ട്രെയിൻ അവതരിപ്പിക്കുന്നതോടെ ഹൈഡ്രജൻ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.
ഹരിയാനയിൽ 12,470 കോടിയിലധികം രൂപയുടെ ദേശീയപാത പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും അവയുടെ തറക്കല്ലിടുകയും ചെയ്യും. ഇതിൽ ഹരിയാനയും ഹിമാചൽ പ്രദേശും തമ്മിലുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്ന NH-7, NH-344 പാതകളിലെ 33.81 കിലോമീറ്റർ അംബാല-കാല അംബ് ഹൈവേയും ജിന്ദ്-ഗോഹാന എന്നിവയ്ക്കിടയിലുള്ള യാത്രാസമയം ഏകദേശം രണ്ട് മണിക്കൂറിൽ നിന്ന് 40 മിനിറ്റായി കുറയ്ക്കുന്ന NH-352Aയിലെ 40.60 കിലോമീറ്റർ ജിന്ദ്-ഗോഹാന ഗ്രീൻഫീൽഡ് ഹൈവേയും ഉൾപ്പെടുന്നു.
കൂടാതെ ഹാൻസി-ബർവാല ബ്രൗൺഫീൽഡ് ഹൈവേ പദ്ധതിക്ക് തറക്കല്ലിടുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി കുരുക്ഷേത്രയിലെ എലിവേറ്റഡ് റെയിൽവേ ട്രാക്ക് ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഇതിന് പുറമെ ഭിവാനിയിലെ പണ്ഡിറ്റ് നേക്കി റാം ശർമ്മ ഗവൺമെൻ്റ് മെഡിക്കൽ കോളജ്, നർനൗളിലെ മഹർഷി ച്യവൻ മെഡിക്കൽ കോളജ്, റാവു തുല റാം ആശുപത്രി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒപ്പം ആധുനിക സാങ്കേതികവിദ്യയിലൂടെ സിഖ് ഗുരുക്കന്മാരുടെ ചരിത്രവും പൈതൃകവും പ്രദർശിപ്പിക്കുന്ന കുരുക്ഷേത്രയിലെ സിഖ് മ്യൂസിയത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
തുടർന്ന് ചണ്ഡീഗഡിൽ, ആരോഗ്യം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലായി 4,700 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. ഇതിൽ പിജിഐഎംഇആർ (PGIMER) ചണ്ഡീഗഡിലെ ‘അഡ്വാൻസ്‌ഡ് മദർ ആൻഡ് ചൈൽഡ് സെൻ്റർ’, ‘അഡ്വാൻസ്‌ഡ് ന്യൂറോ സയൻസസ് സെൻ്റർ’ എന്നിവയുടെ ഉദ്ഘാടനവും, പ്രധാൻ മന്ത്രി ആയുഷ്‌മാന്‍ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്‌ചർ മിഷന് കീഴിലുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്കിൻ്റെ തറക്കല്ലിടലും ഉൾപ്പെടുന്നു.
പഞ്ചാബ് എഞ്ചിനീയറിങ് കോളജ്, ഗവൺമെൻ്റ് കോളജ് (സെക്‌ടർ 46) എന്നിവിടങ്ങളിലെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും ഐടി സിറ്റി മുതൽ കുരാലി വരെയുള്ള ആറ് വരി ഗ്രീൻഫീൽഡ് ഹൈവേയുടെ ഉദ്ഘാടനവും അംബാല-ചണ്ഡീഗഡ് ഗ്രീൻഫീൽഡ് ഹൈവേയുടെ PR-7 സ്‌പർ (PR-7 Spur) പാതയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ജലന്ധറിൽ 5,470 കോടിയിലധികം രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും.
‘അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി’ക്ക് കീഴിൽ ജലന്ധർ കാൻ്റ് ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലായി നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഏകദേശം 1,570 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ സ്റ്റേഷനുകൾ പ്രാദേശിക പൈതൃകവും വാസ്‌തു വിദ്യയും പ്രതിഫലിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് അനുയോജ്യമായ സൗകര്യങ്ങളോടെ ആധുനികവത്‌ക്കരിക്കുകയും ചെയ്‌തിട്ടുണ്ട്. നംഗൽ ഡാം-തൽവാര-മുകേരിയൻ റെയിൽപാത പദ്ധതിയുടെ ഭാഗമായി ഏകദേശം 830 കോടി രൂപ ചെലവിൽ നിർമിച്ച ദൗലത്പൂർ ചൗക്ക്-കാർട്ടോളി റെയിൽപാതയും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
കൂടാതെ കാർട്ടോളി-അംബാല, അമൃത്‌സർ (ഛേഹർത്ത)-വാരണാസി ട്രെയിൻ സർവീസുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യുകയും ഡൽഹി-അമൃത്സർ-കത്ര എക്‌സ്‌പ്രസ്‌വേയുടെ പാക്കേജ് 6 ഉദ്ഘാടനം ചെയ്യുകയും സതേൺ ലുധിയാന ബൈപാസിന് തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതി ലുധിയാനയും ബതിൻഡയും തമ്മിലുള്ള യാത്രാദൂരവും സമയവും കുറയ്ക്കുന്നതിനൊപ്പം മറ്റ് പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.







