ഹൈദരാബാദ്: ഒന്നോ രണ്ടോ അല്ല, ജന്മനാ ഹൃദയത്തിൽ ദ്വാരവുമായി പിറന്ന 500 കുരുന്നുകൾക്കാണ് അവർ പുതുജീവൻ നൽകിയത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഹൃദയശസ്ത്രക്രിയകൾ തികച്ചും സൗജന്യമായി ചെയ്ത്, ഇരുളടഞ്ഞ നൂറുകണക്കിന് കുടുംബങ്ങളിലേക്ക് പ്രത്യാശയുടെ വെളിച്ചം പകരുകയാണ് തെലങ്കാനയിലെ ഒരു ആശുപത്രി. സിദ്ദിപേട്ട് ജില്ലയിലെ കൊണ്ടപ്പാക്കയിലുള്ള ശ്രീ സത്യസായി സഞ്ജീവനി ചിൽഡ്രൻസ് ഹാർട്ട് കെയർ റിസർച്ച് സെൻ്ററാണ് വെറും 20 മാസത്തിനുള്ളിൽ 500 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയയിലൂടെ ജീവൻ തിരികെ നൽകിയത്.
കുട്ടികളുടെ ഹൃദയതാളം വീണ്ടെടുക്കുമ്പോൾ നിരവധി മാതാപിതാക്കളുടെ കണ്ണുകളിലാണ് സന്തോഷാശ്രുക്കൾ നിറയുന്നത്. അത്യാധുനിക ഹൃദ്രോഗ ചികിത്സാ സൗകര്യങ്ങളും മികച്ച പരിശീലനം ലഭിച്ച മെഡിക്കൽ സംഘവുമാണ് ശസ്ത്രക്രിയകൾക്കായി ഇവിടെ സജ്ജമായിട്ടുള്ളത്.
ഒരു രൂപ പോലും ചെലവാക്കാതെ
ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ രാമചന്ദ്രപുരം സ്വദേശികളായ ശ്രാവണി-രാമകൃഷ്ണ ദമ്പതികളുടെ മകൻ നാലുകാരനായ ഗ്യാൻദീപ് ഹൃദയത്തിൽ ദ്വാരവുമായാണ് ജനിച്ചത്. അധ്യാപകനായ രാമകൃഷ്ണ രണ്ട് തെലുങ്ക് സംസ്ഥാനങ്ങളിലെയും നിരവധി ആശുപത്രികളിൽ കുട്ടിയെ ചികിത്സിച്ചു. ശസ്ത്രക്രിയ നിർബന്ധമാണെന്നും അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്നും വ്യക്തമായതോടെയാണ് ഇവർ ഈ ആശുപത്രിയിൽ എത്തിയത്. തികച്ചും സൗജന്യമായി മികച്ച സേവനങ്ങളാണ് തങ്ങൾക്ക് ലഭിച്ചതെന്നും ജീവിതത്തിൽ ഒരിക്കലും ഇത് മറക്കില്ലെന്നും ദമ്പതികൾ വ്യക്തമാക്കി.
ഒടുവിൽ ഇവിടെയെത്തി
മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നുള്ള അരുൺ പാട്ടീൽ-അരുണ ദമ്പതികൾ ഹൈദരാബാദിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇവരുടെ അഞ്ചുവയസ്സുകാരിയായ മകൾ ഖുഷി പാട്ടീലിനും ജന്മനാ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. നഗരത്തിലെ നിരവധി സ്വകാര്യ ആശുപത്രികളിൽ കാണിക്കുകയും മരുന്നുകൾ ഉപയോഗിക്കുകയും ചെയ്തെങ്കിലും ശസ്ത്രക്രിയ അനിവാര്യമായിരുന്നു. 10 ലക്ഷം രൂപ ചെലവ് വരുമെന്നാണ് സ്വകാര്യ ഡോക്ടർമാർ അറിയിച്ചത്. കഴിവിനപ്പുറം ലക്ഷക്കണക്കിന് രൂപ ചെലവാക്കിയതിന് ശേഷമാണ് ബന്ധുക്കൾ വഴി ഇവർ സഞ്ജീവനി ആശുപത്രിയെക്കുറിച്ച് അറിയുന്നത്. ആറുമാസം മുൻപ് ഒരു ശസ്ത്രക്രിയയും അടുത്തിടെ മറ്റൊരു ശസ്ത്രക്രിയയും കുട്ടിക്ക് വിജയകരമായി നടത്തി.
രണ്ടുവർഷത്തെ ദുരിതത്തിന് അറുതി
ആന്ധ്രാപ്രദേശിലെ പോളവാരം ജില്ലയിലുള്ള ഗുണ്ടൽ കോളനിയിൽ നിന്നുള്ള നാഗലക്ഷ്മി-പ്രസാദ് ദമ്പതികൾ നിർധന കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവരുടെ അഞ്ചര വയസ്സുകാരിയായ മകൾ ശിവനാഗരിത്വികയ്ക്ക് രണ്ടുവർഷം മുൻപാണ് ഡോക്ടർമാർ ഹൃദ്രോഗം സ്ഥിരീകരിച്ചത്. പ്രസാദ് ഒരു ക്ലാർക്കായി ജോലി ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ വിജയവാഡയിലെയും ഖമ്മത്തെയും നിരവധി സ്വകാര്യ ആശുപത്രികളിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ശസ്ത്രക്രിയയ്ക്ക് ലക്ഷക്കണക്കിന് രൂപ ചെലവാകുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇവർ ഇവിടെ എത്തിയതും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതും.
ജാർഖണ്ഡിൽ നിന്നുമെത്തി
ജാർഖണ്ഡിൽ നിന്നുള്ള നിർധന കുടുംബാംഗങ്ങളാണ് ഹേമന്തി ദേവിയും മുകേഷ് യാദവും. ജ്യൂസ് കട നടത്തിയാണ് ഇവർ ഉപജീവനം കണ്ടെത്തുന്നത്. ഇവരുടെ ആറുവയസ്സുകാരനായ മകൻ പിയൂഷ് യാദവിന് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയത്. സ്വന്തം സംസ്ഥാനത്തെ നിരവധി സ്വകാര്യ ആശുപത്രികളിൽ പോയിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴിയാണ് കൊണ്ടപ്പാക്കയിലെ ആശുപത്രിയെക്കുറിച്ച് അറിഞ്ഞ് കുട്ടിയെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായതോടെ ഇവരുടെ സന്തോഷത്തിന് അതിരുകളില്ല.








