ലെബനനിൽ കനത്ത വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു

0
2

അമേരിക്കയും ഇറാനും തമ്മിൽ സമാധാന കരാർ ഒപ്പുവെച്ചതിന് പിന്നാലെ തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മേഖലയിലെ വിവിധ ഇടങ്ങളിൽ രാത്രി വൈകിയും ഇസ്രായേൽ സൈന്യം ശക്തമായ ആക്രമണം നടത്തിയതായും ഇത് ഇപ്പോഴും തുടരുകയാണെന്നുമാണ് പുറത്ത് വന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച ഫ്രാൻസിലെ വേഴ്സായിൽ വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി ഒപ്പുവെച്ച ചരിത്രപരമായ ധാരണാപത്രത്തിന് ശേഷം ഇസ്രായേൽ നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ഇറാനെതിരെയുള്ളതും ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലെയും സൈനിക നടപടികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ അമേരിക്ക-ഇറാൻ ധാരണാപത്രം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, തെക്കൻ ലെബനനിലെ ഇറാന്റെ യുദ്ധമുഖത്തുള്ള ഹിസ്ബുള്ള തീവ്രവാദികളെയും അവരുടെ താവളങ്ങളെയുമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്. ഇറാൻ പിന്തുണയുള്ള സംഘം ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ നടത്തിയതിന് മറുപടിയായാണ് ആക്രമണങ്ങൾ നടത്തിയതെന്നും ഇസ്രായേൽ വ്യക്തമാക്കിയതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തെക്കൻ ലബനനിലുടനീളമുള്ള ഹിസ്ബുള്ളയുടെ താവളങ്ങളിൽ രാത്രിയോടെ ആക്രമണം തുടങ്ങിയതായും മേഖലയിലെ സ്ഥിതിഗതികൾ ഇപ്പോഴും സങ്കീർണ്ണമായി തുടരുന്നതിനാൽ ആക്രമണം തുടരുകയാണെന്നും ഇസ്രായേൽ സൈനിക വക്താക്കൾ അറിയിച്ചു.

എല്ലാ യുദ്ധമുഖങ്ങളിലും വെടിനിർത്തൽ വേണമെന്ന് ട്രംപ്

ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ തുടർന്ന്, ലെബനൻ, ഹിസ്ബുള്ള, ഇസ്രായേൽ എന്നിവയുൾപ്പെടെ എല്ലാ യുദ്ധമുഖങ്ങളിലും പൂർണ്ണമായ വെടിനിർത്തൽ അമേരിക്ക പ്രതീക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. “നമ്മുടെ ചർച്ചകൾ മനോഹരമായി വികസിക്കാൻ അനുവദിക്കുന്നതിനുള്ള പ്രതിബദ്ധത നിലനിർത്താൻ മിഡിൽ ഈസ്റ്റ് മേഖലയിലെ എല്ലാവരെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു,” ഇറാനുമായുള്ള ഏകദേശം നാലു മാസത്തെ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.

എല്ലാ യുദ്ധമുഖങ്ങളിലെയും വെടിനിർത്തൽ നടപ്പാക്കാൻ ആഹ്വാനം ചെയ്യുന്ന താൽക്കാലിക കരാറിൽ അമേരിക്കയും ഇറാനും ഒപ്പുവെച്ചതിന് തൊട്ടടുത്ത ദിവസവും തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഡ്രോൺ ആക്രണവും ഹിസ്ബുള്ളയുടെ പ്രതിരോധവും

തെക്കൻ ലെബനനിന്റെ ഉൾപ്രദേശങ്ങളിലേക്ക് നീങ്ങുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തിയ നാലു ദിവസത്തെ സൈനിക നീക്കം തങ്ങൾ തടഞ്ഞതായി ഹിസ്ബുള്ള അവകാശപ്പെടുന്നതിനിടെയാണ് കെഫാർ തെബ്നിറ്റിന് സമീപവും സബാദിനിലും ഇസ്രായേലിന്റെ ഡ്രോൺ ആക്രണങ്ങൾ ഉണ്ടായത്. കെഫാർ തെബ്നിറ്റ് നഗരത്തിന് സമീപം ഇസ്രായേൽ ഡ്രോൺ കാറിലിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ടതായി ലെബനന്റെ നാഷണൽ ന്യൂസ് ഏജൻസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

സബാദിനിലുണ്ടായ മറ്റൊരു ഇസ്രായേൽ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു.ഇസ്രായേൽ ആക്രമണത്തെ തങ്ങൾ ശക്തമായി പ്രതിരോധിച്ചതായി ഹിസ്ബുള്ള പ്രസ്താവനയിൽ അറിയിച്ചു. നാലു ദിവസത്തെ ഓപ്പറേഷനിൽ ഡ്രോണുകൾ, റോക്കറ്റുകൾ, പീരങ്കികൾ എന്നിവ ഉപയോഗിച്ച് തങ്ങളുടെ പോരാളികൾ ഇസ്രായേൽ സൈനികരെയും ടാങ്കുകളെയും ലക്ഷ്യമിട്ടതായി സംഘം പറഞ്ഞു. ഹിസ്ബുള്ളയുടെ അഭിപ്രായത്തിൽ, ആ ആക്രമണങ്ങൾ ഇസ്രായേൽ സൈന്യത്തെ കഫാർ ടെബ്നിറ്റിലേക്ക് മുന്നേറുന്നത് തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here