സ്വന്തം ജില്ലയിൽ പൊലീസ് മേധാവിയായി നിധിൻ രാജ് ഐപിഎസ്

0
1

കാസർകോട്: ജനിച്ചുവളർന്ന മണ്ണിലേക്ക്, കണ്ടുതീർത്ത സ്വപ്നങ്ങളുടെ നെറുകയിൽ അയാൾ മടങ്ങിയെത്തി. കാസർകോടിൻ്റെ സ്വന്തം മകൻ പി. നിധിൻ രാജ് ഐപിഎസ് ഇനി സ്വന്തം നാടിൻ്റെ സുരക്ഷാചുമതലയുള്ള പൊലീസ് മേധാവി. സംസ്ഥാന ചരിത്രത്തിൽ തന്നെ അപൂർവമായ ഈ നിയോഗത്തിന് സാക്ഷ്യം വഹിക്കുകയാണ് കാസർകോട് ജില്ല.

സ്വന്തം നാടിൻ്റെ പൊലീസ് മേധാവിയായി ചുമതലയേൽക്കുക എന്നത് ഏതൊരു ഐപിഎസ് ഉദ്യോഗസ്ഥൻ്റെയും വലിയ ആഗ്രഹമാണ്. സംസ്ഥാന കേഡറിൽ ചുമതലയേൽക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സർക്കാരുകൾ സാധാരണയായി സ്വന്തം ജില്ലയിൽ നിയമിക്കാറില്ല. അതാണ് കാലങ്ങളായി പിന്തുടരുന്ന ചട്ടം. എന്നാൽ ആ കീഴ്‌വഴക്കങ്ങൾ വഴിമാറിയപ്പോൾ, കാസർകോട് രാവണീശ്വരം സ്വദേശിയായ നിധിൻ രാജിന് സ്വന്തം ജില്ലയിൽ തന്നെ മേധാവിയായി അപൂർവ നേട്ടം സ്വന്തമാക്കാനായി. സ്ഥാനമൊഴിയുന്ന ബി.വി വിജയ ഭരത് റെഡ്ഡിയിൽ നിന്നുമാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്. വിജയ ഭരത് റെഡ്ഡിയെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറായി മാറ്റി നിയമിച്ചിട്ടുണ്ട്.

സിവിൽ സർവിസ് മോഹത്തിലേക്കുള്ള യാത്ര

എസ്എസ്എൽസി വരെ രാവണീശ്വരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു നിധിൻ്റെ പഠനം. തുടർന്ന് കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കി. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് സിവിൽ സർവിസ് പരിശീലനത്തിലേക്ക് തിരിയുന്നത്.

എൻജിനീയറിങ് പൂർത്തിയാക്കി സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുമ്പോഴും സിവിൽ സർവിസ് തന്നെയായിരുന്നു മനസ്സിൽ. ആദ്യ തവണ പ്രിലിമിനറി പരീക്ഷ പാസായെങ്കിലും പത്ത് മാർക്കിന് മെയിൻ പരീക്ഷ കടക്കാനായില്ല. എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും അവസരത്തിൽ അദ്ദേഹം സിവിൽ സർവിസ് നേടി. 2018 ബാച്ചിൽ 210-ാം റാങ്കോടെയാണ് അദ്ദേഹം ഇന്ത്യൻ പൊലീസ് സർവിസിലേക്ക് എത്തിയത്. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലായിരുന്നു ഐപിഎസ് പരിശീലനം.

സ്കൂളിൽ പഠിക്കുന്ന കാലത്ത് പ്രസംഗ മത്സരങ്ങളിലെല്ലാം സംസ്ഥാനതലത്തിൽ വിജയിയായിരുന്നു നിധിൻ രാജ്. പ്രാദേശിക മാധ്യമ പ്രവർത്തകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഒരു പ്രാദേശിക ചാനലിന് വേണ്ടി അദ്ദേഹം നടത്തിയ റിപ്പോർട്ടിങ് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സുപ്രധാന പദവികളിൽ

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്നാണ് അദ്ദേഹം കാസർകോടിൻ്റെ മേധാവിയായി എത്തുന്നത്[2]. ഇതിന് മുൻപ് കോഴിക്കോട് റൂറൽ എസ്പി, തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ, വയനാട് എഎസ്പി, തലശ്ശേരി എഎസ്പി എന്നീ നിലകളിലും അദ്ദേഹം മികച്ച സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജില്ലയിലെ നിയമസമാധാന പരിപാലനം, കുറ്റാന്വേഷണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പ്രവർത്തിക്കാനാണ് ലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എക്കാൽ കെ. രാജേന്ദ്രൻ്റെയും പി. ലതയുടെയും മകനാണ് നിധിൻ രാജ്. മംഗളൂരുവിൽ ഡോക്ടറായ ലക്ഷ്മി കൃഷ്ണനാണ് ഭാര്യ. അശ്വതിയാണ് സഹോദരി. ജന്മനാടിൻ്റെ ഭൂമിശാസ്ത്രവും ജനങ്ങളുടെ പ്രശ്നങ്ങളും കൃത്യമായി അറിയാവുന്ന ഉദ്യോഗസ്ഥൻ തന്നെ തലപ്പത്തേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ജില്ലയിലെ പൊതുജനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here