ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഇന്ത്യയുടെ സുഹൃത് രാജ്യങ്ങളോട് യുദ്ധം ചെയ്തുവെന്ന കേസില്‍ മലയാളി സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. വിവിധ വകുപ്പുകളിലായി 19 വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. സുബ്ഹാനി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സുബ്ഹാനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണിത്. ഓരോ കേസിലും പ്രത്യേക ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.യുഎപിഎ 20 വകുപ്പിനാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയും വിധിച്ചത്. ഗൂഢാലോചനയ്ക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഇന്ത്യയുമായി സൗഹൃദത്തിലുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്തതിന് ഐപിസി 125 പ്രകാരം ഏഴ് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. യുഎപിഎ 38, 39 വകുപ്പുകള്‍ക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
- കേസില്‍ വിചാരണ നേരിട്ട ഏക പ്രതിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍. 2015ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്ഹാനി ഐ.എസില്‍ ചേര്‍ന്നുവെന്നാണ് എന്‍.ഐ.എ പറയുന്നത്. അവിടെ വെച്ച് പരിശീലനം ലഭിച്ചുവെന്നും എന്‍.ഐ.എ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 125, 120 ബി, 122, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ 20, 38, 39 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തത് 2016 ല്‍ കനകമലയില്‍ ഐ.എസ് ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണത്തിനിടെയായിരുന്നു. 2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.