മൊഹാലി: പഞ്ചാബ് കിങ്സിന് കീഴടക്കാനുണ്ടായിരുന്നത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോര്‍ ആയിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 258 റൺസ് വിജയക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിങ്സിന്റെ ഇന്നിങ്സ് 19.5 ഓവറിൽ 201 റൺസിൽ അവസാനിച്ചു. ലക്നൗവിന് 56 റൺസിന്റെ വിജയം. കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിനായി മൂന്നാമനായി ഇറങ്ങിയ അഥർവ ടൈഡെ (36 പന്തിൽ 66), സിക്കന്ദർ റാസ (22 പന്തിൽ 36), ലിയാം ലിവിങ്സ്റ്റൻ (14 പന്തിൽ 23) എന്നിവരാണ് പൊരുതിയത്.
ഓപ്പണർമാരായ ഇംപാക്ട് പ്ലെയർ പ്രഭ്സിമ്രാൻ സിങ് (13 പന്തിൽ 9), ക്യാപ്റ്റൻ ശിഖർ ധവാൻ (2 പന്തിൽ 1) എന്നിവർ നിലയുറപ്പിക്കും മുൻപേ പുറത്തായി. പവർപ്ലേ പൂർത്തിയാകുമ്പോൾ 55/2 എന്ന നിലയിലായിരുന്നു പഞ്ചാബ്.മൂന്നാം വിക്കറ്റിൽ ഒരുമിച്ച അഥർവയും സിക്കന്ദർ റാസയുമാണ് പഞ്ചാബിനെ കരകയറ്റിയത്. ഇരുവരും ചേർന്ന് 106 റൺസ് കൂട്ടിച്ചേർത്തു. 12ാം ഓവറിൽ യഷ് റാസ ഈ കൂട്ടുകെട്ട് പൊളിച്ചു. സിക്കന്ദർ റാസയുടെ ഇന്നിങ്സ് ക്രുണാൽ പാണ്ഡ്യയുടെ കൈകളിൽ അവസാനിച്ചു. പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റനും അഥർവയ്ക്ക് മികച്ച പിന്തുണ നൽകിയെങ്കിലും വേണ്ട റൺറേറ്റ് നിലനിർത്താൻ പഞ്ചാബിന് ഒരിക്കലും സാധിച്ചില്ല. 13ാം ഓവറിൽ അഥർവയും 16ാം ഓവറിൽ ലിവിങ്സറ്റനും പുറത്തായതോടെ പഞ്ചാബിന്റെ വിജയപ്രതീക്ഷകൾ അവസാനിച്ചു.
സാം കറൻ (11 പന്തിൽ 21), ജിതേഷ് ശർമ (10 പന്തിൽ 24) എന്നിവർ പൊരുതിനോക്കിയെങ്കിലും വിജയം അകലെയായിരുന്നു. ഷാറൂഖ് ഖാൻ (9 പന്തിൽ 6), അർഷ്‌ദീപ് സിങ് (2 പന്തിൽ 2*) എന്നിവർ ചേർന്നാണ് പഞ്ചാബ് സ്കോർ 200 കടത്തിയത്.ലക്നൗവിനായി യഷ് ഠാക്കൂർ നാലു വിക്കറ്റും നവീൻ ഉൽ-ഹഖ് മൂന്നു വിക്കറ്റും രവി ബിഷ്ണോയ് രണ്ടും മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ ബാറ്റർമാരുടെ വിളയാട്ടത്തിനായിരുന്നു മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്യാപ്റ്റൻ കെ എൽ രാഹുലിനെ (9 പന്തിൽ 12) മറുവശത്ത് നിർത്തി ഓപ്പണർ കെയ്ൽ മേയേഴ്സാണ് (24 പന്തിൽ 54) ആണ് ആദ്യം അടി തുടങ്ങിയത്. രണ്ടാം ഓവറിൽ അർഷ്ദീപ് സിങ്ങിനെതിരെ നാല് ഫോറടക്കം അടിച്ചാണ് മേയേഴ്സ് വെടിക്കെട്ടിന് തിരികൊളുത്തിയത്. നാല് സിക്സും ഏഴു ഫോറുമാണ് മേയേഴ്സ് അടിച്ചെടുത്തത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണ് ലക്നൗ കുറിച്ചത്. 2013ൽ പൂനെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 263 റൺസാണ് ഏറ്റവും ഉയർന്ന ടോട്ടൽ. ബൗണ്ടറികളുടെ എണ്ണത്തിലും ലക്നൗ ഇന്നിങ്സ് റെക്കോർഡിട്ടു. 27 ഫോറും 14 സിക്സും സഹിതം 41 ബൗണ്ടറികളാണ് ലക്നൗ ഇന്നിങ്സിൽ പിറന്നത്. 42 ബൗണ്ടറികൾ പിറന്ന 2013 ലെ ബാംഗ്ലൂർ ഇന്നിങ്സാണ് മുന്നിൽ.