തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കുള്ള നിർദേശങ്ങൾ പുറത്തിറക്കി കെഎസ്ആർടിസി. നാളെ ജൂൺ 15 തിങ്കളാഴ്ച മുതലാണ് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭിക്കുക. ബസിൽ കയറുന്ന യാത്രക്കാർ അറിയേണ്ട എട്ട് നിർദേശങ്ങളാണ് കെഎസ്ആർടിസി പുറത്തുവിട്ടത്.
നാളെ രാവിലെ മുതൽ സൗജന്യ യാത്ര സ്ത്രീകൾക്ക് ലഭ്യമാകില്ല. സംസ്ഥാന തല ഉദ്ഘാടനം കഴിഞ്ഞാലേ പ്രിയർദർശിനി പദ്ധതി ആരംഭിക്കൂ. ഏതൊക്കെ ബസുകളിൽ സൗജന്യം ലഭിക്കുമെന്നത് ബസുകളിൽ പതിച്ച സ്റ്റിക്കർ നോക്കിവേണം മനസിലാക്കാൻ. പ്രിയദർശിനി സൗജന്യ യാത്ര നിർദേശങ്ങൾ അറിയാം.
- ജൂൺ 15ന് രാവിലെ 8:30ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ ‘0’ ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.
- സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ‘0’ ടിക്കറ്റ് എടുക്കേണ്ടതാണ്.
- ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.
- നിങ്ങളുടെ കൂടെ 5 മുതൽ11 വയസ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.
- പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം
- പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.
- സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
- സ്ത്രീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയുവാൻ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും
പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ടത്തിൽ കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര ലഭ്യമാകും. നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രികയുടെ ഭാഗമായിരുന്ന ഇന്ദിരാ ഗ്യാരണ്ടി പദ്ധതിയുടെ ഭാഗമായാണ് പ്രിയദർശിനി നടപ്പാക്കുന്നത്.







