ജനറൽ ടിക്കറ്റ് എടുത്ത് സ്ലീപ്പർ കോച്ചിൽ കയറിയാൽ ഫൈൻ കിട്ടുമോ?

0
7

ട്രെയിനിൽ അത്യാവശ്യമായി ഒരു യാത്ര പോവുകയാണ്. ജനറൽ കൗണ്ടറിൽ വലിയ തിരക്ക്, ടിക്കറ്റ് കിട്ടിയപ്പോഴേക്കും വണ്ടി പ്ലാറ്റ്‌ഫോമിൽ എത്തിക്കഴിഞ്ഞു. ജനറൽ ബോഗിയിൽ ആണെങ്കിൽ കാലുകുത്താൻ ഇടമില്ല! അപ്പോഴാണ് തൊട്ടടുത്തുള്ള സ്ലീപ്പർ കോച്ച് നിങ്ങളുടെ കണ്ണിൽപ്പെടുന്നത്. ‘എന്നാൽ പിന്നെ സ്ലീപ്പർ കോച്ചിൽ കയറി യാത്ര ചെയ്യാം, ടി.ടി.ഇ വരുമ്പോൾ ബാക്കി പൈസ കൊടുത്തു സീറ്റ് ഉറപ്പാക്കാം’ എന്ന് ചിന്തിച്ച് നിങ്ങൾ അതിൽ കയറിയാൽ എന്തായിരിക്കും സംഭവിക്കുക? വലിയ തുക ഫൈൻ അടക്കേണ്ടി വരുമോ? അതോ റെയിൽവേ നിയമപ്രകാരം ഇതിന് അനുവാദമുണ്ടോ? ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കാം…

റെയിൽവേ നിയമം എന്ത് പറയുന്നു?

ജനറൽ (അൺറിസർവ്ഡ്) ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നത് റെയിൽവേ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ യാത്ര ചെയ്താൽ വൻ തുക പിഴയായി നൽകേണ്ടി വരും. ഇന്ത്യൻ റെയിൽവേ ആക്ട് (1989) സെക്ഷൻ 138 പ്രകാരം, കൈവശമുള്ള ടിക്കറ്റിനേക്കാൾ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. ജനറൽ ടിക്കറ്റ് എടുത്ത ഒരാൾക്ക് അൺറിസർവ്ഡ് കോച്ചുകളിൽ മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. സ്ലീപ്പർ, എസി കോച്ചുകൾ റിസർവ് ചെയ്ത യാത്രക്കാർക്ക് മാത്രമുള്ളതാണ്. അതുകൊണ്ട് തന്നെ ഒരാള്‍ ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയാല്‍ നിയമപരമായി പിഴ ഈടാക്കാൻ ടിടിഇക്ക് അധികാരമുണ്ട്.

പിഴ എത്ര രൂപ വരും?

ടി.ടി.ഇ പരിശോധനയിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നത് പിടിക്കപ്പെട്ടാൽ ഒരു സംഖ്യ പിഴയായി നല്‍കേണ്ടി വരും. നിങ്ങൾ യാത്ര ചെയ്യുന്ന ദൂരത്തേക്കുള്ള ജനറൽ ടിക്കറ്റ് നിരക്കും സ്ലീപ്പർ ടിക്കറ്റ് നിരക്കും തമ്മിലുള്ള വ്യത്യാസം. ടിക്കറ്റ് നിരക്കിലെ വ്യത്യാസത്തിന് പുറമെ കുറഞ്ഞത് 500 രൂപ പിഴയായും ഈടാക്കും (അല്ലെങ്കിൽ അധിക നിരക്കിന് തുല്യമായ തുക). 2026 ജൂൺ 20 മുതൽ ബാധകമായ പുതുക്കിയ വ്യവസ്ഥപ്രകാരം കുറഞ്ഞ അധിക ചാർജ് 500 ആണ്. പിഴ അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ അടുത്ത സ്റ്റേഷനിൽ വെച്ച് ട്രെയിനിൽ നിന്ന് ഇറക്കിവിടാനോ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് (RPF) കൈമാറി നിയമനടപടികൾ സ്വീകരിക്കാനോ ടി.ടി.ഇ-ക്ക് അധികാരമുണ്ട്.

സ്ലീപ്പർ കോച്ചിലേക്ക് മാറാൻ നിയമപരമായ വഴിയുണ്ടോ?

അടിയന്തര സാഹചര്യങ്ങളിൽ ജനറൽ ടിക്കറ്റ് എടുത്ത ശേഷം സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യണമെങ്കിൽ അതിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. ട്രെയിനിൽ കയറുന്നതിന് മുൻപോ, കയറിയ ഉടനെയോ സ്ലീപ്പർ കോച്ചിലെ ടി.ടി.ഇ-യെ നേരിട്ട് കണ്ട് വിവരം അറിയിക്കുക. കോച്ചിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ, ടി.ടി.ഇ നിങ്ങൾക്ക് ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തു തരും. ഇതിനായി ജനറൽ ടിക്കറ്റും സ്ലീപ്പർ ടിക്കറ്റും തമ്മിലുള്ള വ്യത്യാസം നൽകിയാൽ മതിയാകും. എന്നാൽ, ടി.ടി.ഇ-യുടെ അനുവാദമില്ലാതെ കോച്ചിൽ കയറുകയും പരിശോധനയിൽ പിടിക്കപ്പെടുകയും ചെയ്താൽ പിഴ ഒഴിവാക്കാനാകില്ല.

ശ്രദ്ധിക്കേണ്ട ചില ഇളവുകൾ

ചില പ്രത്യേക ട്രെയിനുകളിൽ, പകൽ സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഒന്നോ രണ്ടോ സ്ലീപ്പർ കോച്ചുകൾ ‘ഡി-റിസർവ്ഡ്’ കോച്ചുകളായി റെയിൽവേ പ്രഖ്യാപിക്കാറുണ്ട്. ഇത്തരം കോച്ചുകളിൽ ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യാൻ അനുവാദമുണ്ടാകും. എന്നാൽ, റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുള്ള ഇത്തരം കോച്ചുകളിൽ മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.

യാത്രക്കാരുടെ സൗകര്യാർത്ഥം സ്ലീപ്പർ, എസി കോച്ചുകളിലെ അനധികൃത തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ ഇപ്പോൾ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. അതിനാൽ, അനാവശ്യമായ പിഴയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ എപ്പോഴും കൈവശമുള്ള ടിക്കറ്റിന് അനുസൃതമായ കോച്ചുകളിൽ മാത്രം യാത്ര ചെയ്യാൻ ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here