ദിസ്പൂര്‍: അസമില്‍ പ്ലസ് ടു സിലബസില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ നയങ്ങള്‍, അയോധ്യ തര്‍ക്കം, ഗുജറാത്ത് കലാപം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധം.
അസം ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ കൗണ്‍സിലാണ്(എ.എച്ച്.എസ്.ഇ.സി) പാഠഭാഗങ്ങള്‍ ഒഴിവാക്കിയത്. കോവിഡ് മൂലം വിദ്യാര്‍ഥികള്‍ക്ക് പഠന സമയം നഷ്ടമായതിനാല്‍ പഠനഭാരം കുറക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് വിശദീകരണം.
ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ നയങ്ങളും സംഭാവനകളും വിവരിക്കുന്ന പാഠഭാഗം സിലബസില്‍ തിരികെ ഉള്‍പ്പെടുത്താന്‍ എ.എച്ച്.എസ്.ഇ.സിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേബബ്രത സായ്കിയ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് കത്ത് നല്‍കി
വിദ്യാര്‍ഥികളുടെ പഠനഭാരം കുറക്കാനുള്ള ഏത് തരത്തിലുള്ള ചുവടുെവപ്പും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഒഴിവാക്കിയ പാഠഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് സായ്കിയ അഭിപ്രായപ്പെട്ടു.
ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ വിദേശ നയങ്ങളും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുന്നോട്ട് വെച്ച ‘ഗരീബി ഹഠാവോ’ പ്രചാരണവും സിലബസില്‍ നിന്ന് ഒഴിവാക്കിയത് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ശാസ്ത്ര സാങ്കേതികവിദ്യയിലൂടെ രാജ്യത്തിന്‍െറ വ്യാവസായികവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കിയാണ് നെഹ്‌റു ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയതെന്ന് ഏതൊരു നിഷ്പക്ഷ വ്യക്തിയും സമ്മതിക്കും.
ശീതയുദ്ധക്കാലത്ത് ചേരിചേരാ നയത്തിലൂടെ നെഹ്‌റു ലോകത്തിന്‍െറ ബഹുമാനം പിടിച്ചു പറ്റിയിരുന്നു. രാഷ്ട്രത്തെ പടുത്തുയര്‍ത്തുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും ജവഹര്‍ലാല്‍ നെഹ്‌റു സമാനതകളില്ലാത്ത സംഭാവനയാണ് നല്‍കിയതെന്ന് രാഷ്ട്രീയ എതിരാളികളായ അടല്‍ ബിഹാരി വാജ്പേയി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ പോലും പരസ്യമായി സമ്മതിച്ചതാണെന്നും സായ്കിയ കത്തില്‍ വ്യക്തമാക്കി.
നെഹ്റുവിന്‍െറ പ്രതിച്ഛായ തകര്‍ക്കാനും അദ്ദേഹത്തിന്‍െറ സംഭാവനകളെ നിഷേധിക്കുവാനുമുള്ള പ്രചാരണങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്. നെഹ്റുവിനെ കുറിച്ചുള്ള പാഠഭാഗം കരിക്കുലത്തില്‍ നിന്ന് നീക്കം ചെയ്യാനുള്ള എ.എച്ച്.എസ്.ഇ.സിയുടെ തീരുമാനത്തിന് പിന്നില്‍ ഈ കേന്ദ്രങ്ങളാണെന്ന് സംശയിക്കുന്നതിന് കാരണമുണ്ടെന്നും അദ്ദേഹം കത്തില്‍ ആരോപിച്ചു.