ലോകത്തിൻ്റെ നെറുകയിൽ വീണ്ടും ഇന്ത്യ; ചന്ദ്രയാൻ-3 ദൗത്യത്തിന് അമേരിക്കയുടെ പരമോന്നത ‘ഗോഡാർഡ്

0
18

വാഷിംങ്ടൺ ഡിസി: ചന്ദ്രൻ്റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് വീണ്ടും അന്താരാഷ്‌ട്ര അംഗീകാരം. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോനോട്ടിക്‌സ് ആൻഡ് ആസ്ട്രോനോട്ടിക്‌സ് (AIAA) നൽകുന്ന ബഹിരാകാശ രംഗത്തെ പരമോന്നത ബഹുമതിയായ 2026 ലെ ഗോഡാർഡ് ആസ്ട്രോനോട്ടിക്‌സ് അവാർഡ് ചന്ദ്രയാൻ 3 ദൗത്യം സ്വന്തമാക്കി. മെയ് 21 ന് വാഷിംങ്ടൺ ഡിസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം.

ചരിത്രം സൃഷ്‌ടിച്ച ദക്ഷിണധ്രുവ ലാൻഡിങ്

2023 ഓഗസ്റ്റ് 23 നാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. അതുവരെ ലോകരാജ്യങ്ങൾക്ക് ആർക്കും തങ്ങളുടെ പേടകങ്ങൾ ഇറക്കാൻ കഴിയാതിരുന്ന തന്ത്രപ്രധാനവും ശാസ്‌ത്രീയവുമായി ഏറെ പ്രാധാന്യമുള്ളതുമായ മേഖലയിലാണ് ഇന്ത്യ ചരിത്രവിജയം നേടിയത്.

ഭാവിയിൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന ദൗത്യങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന നിർണായക വിവരങ്ങളാണ് ചന്ദ്രയാൻ 3 നൽകിയത്. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിലെ മണ്ണിൽ പ്രധാന രാസമൂലകങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഈ ദൗത്യത്തിന് കഴിഞ്ഞു. ഇത് ഭാവിയിൽ ചന്ദ്രോപരിതലത്തിൽ മനുഷ്യന് താവളമൊരുക്കുന്നതിനും ഉൽപ്പാദന പ്രവർത്തനങ്ങൾ നടത്തുന്നതിനും സഹായകരമാകുന്ന പ്രദേശിക വിഭവങ്ങളുടെ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സ്പേസ് വിഷൻ 2047

വാഷിംങ്ടണിൽ നടന്ന എഐഎഎ അസെൻഡ് 2026 കോൺഫറൻസിൽ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയാണ് അവാർഡി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്പേസ് വിഷൻ 2047 അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. ആഴത്തിലുള്ള ബഹിരാകാശ പര്യവേഷണം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യങ്ങൾ, വാണിജ്യ ബഹിരാകാശ മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച എന്നിവയ്ക്കായുള്ള ഇന്ത്യയുടെ വീക്ഷണം അദ്ദേഹം അവതരിപ്പിച്ചു.

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ, വ്യവസായങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തു.

എന്താണ് ഗോഡാർഡ് ആസ്ട്രോനോട്ടിക്‌സ് അവാർഡ്?

അസ്ട്രോനോട്ടിക്‌സ് രംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങൾക്ക് എഐഎഎ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്. റോക്കറ്റ് സാങ്കേതികവിദ്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന റോബർട്ട് എച്ച്. ഗോഡാർഡിൻ്റെ സ്‌മരണാർഥം അദ്ദേഹത്തിൻ്റെ ഭാര്യയാണ് ഈ പുരസ്‌കാരം ഏർപ്പെടുത്തിയത്. ആദ്യകാല ദ്രാവക ഇന്ധന റോക്കറ്റ് എഞ്ചിൻ വിക്ഷേപണങ്ങളിലൂടെ അസ്ട്രോനാട്ടിക്‌സിൻ്റെ വികസനത്തിന് അടിത്തറയിട്ട പ്രതിഭയാണ് ഗൊദാർഡ്. 1975 മുതലാണ് ഈ പുരസ്‌കാരം നിലവിലെ രൂപത്തിൽ നൽകിത്തുടങ്ങിയത്.

വ്യക്തികൾക്കോ അംഗങ്ങൾക്കോ നൽകുന്ന ഈ പുരസ്‌കാരത്തിന് സംയുക്ത നാമനിർദ്ദേശം ലഭിക്കുമ്പോൾ, അംഗത്തെ പ്രതിനിധീകരിച്ച് പരമാവധി രണ്ട് പേർക്ക് മാത്രമേ അവാർഡ് വേദിയിൽ സ്വീകരിക്കാൻ അനുമതിയുള്ളൂ. ലോക ബഹിരാകാശ ഭൂപടത്തിൽ ഇന്ത്യയുടെയും ഐഎസ്ആർഒയുടെയും സ്ഥാനം ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതാണ് ഈ പുതിയ പുരസ്‌കാര നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here