ചഗാസ് രോഗം പരത്തുന്ന ‘കിസ്സിംഗ് ബഗ്’ എന്നറിയപ്പെടുന്ന ചുംബന പ്രാണികളെ ഭയന്ന് കാലിഫോര്‍ണിയ. ട്രയാറ്റോമിന്‍ ബഗ് എന്നാണ് ഇവ ഔദ്യോഗികമായി അറിയപ്പെടുന്നത്. മനുഷ്യര്‍ ഉറങ്ങുമ്പോള്‍ മുഖത്ത് കടിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് ചുംബന പ്രാണികള്‍ എന്ന് പേര് ലഭിച്ചത്. ചുംബന പ്രാണികളില്‍ കാണപ്പെടുന്ന ട്രൈപനോസോമ ക്രൂസി എന്ന പരാദം കാരണമുണ്ടാകുന്ന ഒരു രോഗമാണ് ചഗാസ്. ട്രയാറ്റോമിന്‍ പ്രാണികളുടെ കാഷ്ഠത്തിലാണ് ട്രൈപനോസോമ ക്രൂസി എന്ന രോഗാണു വസിക്കുന്നത്. ഈ പ്രാണി മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതുവഴിയാണ് രോഗാണു മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്നത്. മനുഷ്യന്റെ മുഖത്ത് കടിക്കുകയും മുറിവില്‍ മലം വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. അതിന്റെ കടിയേറ്റവര്‍ മുഖത്ത് തിരുമ്മുമ്പോള്‍ രോഗാണു ശരീരത്തിലേക്ക് കടക്കുന്നു.
ഈ രോഗത്തിന് രണ്ട് ഘട്ടങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമേ പുറത്തുകാണുള്ളു. അതുകൊണ്ടുതന്നെ രോഗനിര്‍ണയം വളരെ ബുദ്ധിമുട്ടാണ്. നേരത്തെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത സങ്കീര്‍ണ്ണതകളിലേക്ക് രോഗി പോയേക്കാം. വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ ഇവ യാതൊരു ലക്ഷണങ്ങളും കാണിക്കാതെ നിഷ്‌ക്രിയമായി തുടര്‍ന്നേക്കും. ചില വ്യക്തികള്‍ക്ക് ദഹനപ്രശ്‌നങ്ങളും അനുഭവപ്പെടുന്നു. പെട്ടെന്നുള്ള ഹൃദയസ്തംഭനം പോലെ ജീവന്‍ അപകടത്തിലാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. ഹൃദയത്തിന്റെ ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കും.
-
നിശിത ഘട്ടം (Acute phase):രോഗബാധയേറ്റ ശേഷം ഏകദേശം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ തുടങ്ങാം. പനി, ക്ഷീണം, ശരീരവേദന, തലവേദന, ചുണങ്ങു, വിശപ്പില്ലായ്മ, വയറിളക്കം, ഛർദ്ദി തുടങ്ങിയവ ഉണ്ടാകാം.
-
വിട്ടുമാറാത്ത ഘട്ടം (Chronic phase):
ഭൂരിഭാഗം ആളുകളിലും (70-80%) ഈ ഘട്ടത്തിൽ ലക്ഷണങ്ങൾ ഉണ്ടാകില്ല. എന്നാൽ 20-30% ആളുകളിൽ ഹൃദയത്തിനും ദഹനനാളിയിലും രോഗം പുരോഗമിച്ച് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാം.
- ഹൃദയസംബന്ധമായ പ്രശ്നങ്ങൾ: ഹൃദയപേശികൾക്ക് വീക്കം, ഹൃദയസ്തംഭനം, ഹൃദയാഘാതം, പെട്ടെന്നുള്ള മരണം എന്നിവ സംഭവിക്കാം.
- ദഹനസംബന്ധമായ പ്രശ്നങ്ങൾ: അന്നനാളത്തിനോ വൻകുടലിനോ വീക്കം വന്ന് ദഹനപ്രശ്നങ്ങളുണ്ടാകാം







