സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടി ദൃശ്യം 3,ജോര്‍ജു കുട്ടി എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം!

0
24

ജോര്‍ജു കുട്ടിയുടെയും കുടുംബത്തിന്‍റെയും വരവിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 തിയേറ്ററുകളില്‍ എത്താനൊരുങ്ങുമ്പോള്‍ മലയാളി പ്രേക്ഷകരുടെ ചങ്കിടിപ്പും കൂടുകയാണ്.

മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ആഗോള റിലീസ്.‘ദൃശ്യം 3’യ്ക്ക് ചരിത്രപരമായ റിലീസ് തന്ത്രമാണ് നിര്‍മാതാക്കള്‍ ഒരുക്കുന്നത്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പാന്‍-ഇന്ത്യ റിലീസുകളില്‍ ഒന്നായി ചിത്രം എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണ ജോര്‍ജു കുട്ടിക്കും കുടുംബത്തിനും എന്തൊക്കാവും നേരിടേണ്ടി വരികയെന്നത് തന്നെയാണ് ആരാധകരുടെ ചങ്കിടിപ്പ് ഉയരുന്നതിനുള്ള കാരണവും. അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററുകളിലും ട്രെയിലറിലും ടീസറിലുമൊക്കെ ആശങ്കയോടെ നില്‍ക്കുന്ന ജോര്‍ജു കുട്ടിയേയാണ് കാണാന്‍ കഴിഞ്ഞത്. അതിനാല്‍ തന്നെ ഈ ഗൃഹനാഥന്‍ ഭയപ്പെടുന്നത് എന്തിനെയാവും എന്ന ചോദ്യവും സിനിമാസ്വാദകരില്‍ ഉയര്‍ന്നു കഴിഞ്ഞു.

2013 ല്‍ ജീത്തു ജോസഫ് ദൃശ്യം സംവിധാനം ചെയ്‌തപ്പോള്‍ വലിയ ശബ്‌ദകോലാഹലങ്ങളൊന്നുമില്ലാതെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സിനിമയുടെ ലെവല്‍ മാറി. നാലാം ക്ലാസുവരെ മാത്രം പഠിച്ച ജോർജുകുട്ടി എന്ന കേബിൾ ടിവി ഓപ്പറേറ്ററുടെ അപ്രതീക്ഷിത നീക്കങ്ങൾ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചു. ഇരുകയ്യും നീട്ടി ജോര്‍ജു കുട്ടിയേയും കുടുംബത്തേയും പ്രേക്ഷകര്‍ സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. അങ്ങനെ ഇൻഡസ്ട്രി ഹിറ്റടിച്ചാണ് ചിത്രം തിയേറ്റ‍റില്‍ നിന്ന് പിന്‍വാങ്ങിയത്.

എന്നിട്ടും പ്രേക്ഷകര്‍ ജോര്‍ജു കുട്ടിക്ക് പിന്നാലെ കൂടി. ആ കുടുംബത്തിന്‍റെ പിന്നീടുള്ള അവസ്ഥയെ കുറിച്ചറിയാന്‍ ആകാംക്ഷയോടെ കാത്തിരുന്നു. അങ്ങനെ ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ തന്നെ ദൃശ്യം 2 പിറന്നു. കോവിഡ് കാലമായതുകൊണ്ട് തന്നെ ഒടിടിയിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 2021 ലായിരുന്നു അത്. ജോര്‍ജു കുട്ടിയേയും കുടുംബത്തേയും വലയിലാക്കാന്‍ പൊലിസ് കിണഞ്ഞു പരിശ്രമിക്കുന്നതാണ് അന്ന് കണ്ടത്. അവിടെയും പൊലീസ് പരാജയപ്പെട്ടു. മൂന്നാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ഇനി എന്താകും കുറക്കന്‍റെ ബുദ്ധിയുള്ള ജോര്‍ജു കുട്ടി നേരിടുന്നതെന്നാണ് ആകാംക്ഷയോടെ ഓരോ സിനിമാ പ്രേമിയും കാത്തിരിക്കുന്നത്.

ജോര്‍ജു കുട്ടി വീണ്ടും എത്തുന്ന ചിത്രത്തില്‍ ജീത്തു ജോസഫ് തന്നെയാണ് സംവിധാനം നിര്‍വഹിക്കുന്നത്. മലയാളം പതിപ്പിനൊപ്പം തന്നെ തെലുഗു, തമിഴ്, കന്നഡ ഭാഷകളിലെ ഡബ്ബ് വേര്‍ഷനുകളും ഒരേസമയം റിലീസ് ചെയ്യുമെന്നാണ് വിവരം. ഇതോടെ കേരളത്തിന് പുറത്തുള്ള വിപണികളിലേക്കും ചിത്രത്തിന്റെ സ്വാധീനം വന്‍തോതില്‍ വ്യാപിക്കും.

നിര്‍മാതാക്കളായ കുമാര്‍ മംഗത് പാഥക്, അഭിഷേക് പാഥക് എന്നിവര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം, കേരളത്തിന് പുറത്തായി മാത്രം 500-ത്തിലധികം സ്ക്രീനുകളിലാണ് മലയാളം വേര്‍ഷന്‍ റിലീസ് ചെയ്യുന്നത്. പ്രേക്ഷക ആവശ്യകത അനുസരിച്ച് ഈ എണ്ണം 800 മുതല്‍ 900 സ്ക്രീനുകള്‍ വരെ ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ പാന്‍-ഇന്ത്യ റിലീസാണിതെന്നാണ് നിര്‍മാതാക്കള്‍ വിശേഷിപ്പിച്ചത്. ജോർജ്കുട്ടിയുടെ തിരിച്ചുവരവിനോടുള്ള വന്‍ പ്രതീക്ഷയാണ് ഇതിന് പിന്നിലെന്നും അവർ വ്യക്തമാക്കി.

അതേസമയം, ഉത്തരേന്ത്യന്‍ പ്രേക്ഷകരെ മുന്‍നിര്‍ത്തി വലിയ മാറ്റങ്ങളോടെ ഒരു പ്രത്യേക ഹിന്ദി റീമേക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അജയ് ദേവഗണ്‍ ആണ് ചിത്രത്തിലെ നായകന്‍. ആദ്യ രണ്ട് ‘ദൃശ്യം’ ചിത്രങ്ങളും മലയാളം പതിപ്പുകളുടെ സീന്‍-ടു-സീന്‍ റീമേക്കുകളായിരുന്നു. അവ ബോക്‌സ് ഓഫീസില്‍ വന്‍ വിജയങ്ങളായി മാറുകയും ചെയ്തു. എന്നാല്‍ മൂന്നാം ഭാഗത്തിനായി ഹിന്ദിയില്‍ വ്യത്യസ്തമായ സമീപനമാണ് നിര്‍മാതാക്കള്‍ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here