മഡ്രിഡ്: ഹാൻ്റാ വൈറസ് പടർന്നുപിടിച്ച ക്രൂയിസ് കപ്പലിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ നാല് ഭൂഖണ്ഡങ്ങളിലെ ആരോഗ്യവിദഗ്ധർ നടപടികൾ ഊർജിതമാക്കി. കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനും മുൻപ് മടങ്ങിയവരെയും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയുമാണ് ആരോഗ്യവകുപ്പ് അധികൃതർ പ്രധാനമായും നിരീക്ഷിക്കുന്നത്.
കപ്പൽ യാത്രയ്ക്ക് മുൻപ് പക്ഷിനിരീക്ഷണത്തിന് പോയ ഡച്ച് ദമ്പതികളിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് അർജൻ്റീന ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരാണ് ഇതിനോടകം മരിച്ചത്. രോഗത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന തെക്കൻ അർജൻ്റീനയിലെ നഗരത്തിലേക്ക് ഉദ്യോഗസ്ഥരുടെ സംഘം ഉടൻ തിരിക്കും.
തുടക്കം ഡച്ച് ദമ്പതികളിൽ നിന്ന്
ആദ്യത്തെ മരണം സംഭവിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം ഏപ്രിൽ 24നാണ്. 12 രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലധികം പേർ സമ്പർക്ക പരിശോധനകളില്ലാതെയാണ് കപ്പലിൽ നിന്ന് പുറത്തിറങ്ങിയതെന്ന് കപ്പൽ നടത്തിപ്പുകാരും ഡച്ച് ഉദ്യോഗസ്ഥരും വ്യക്തമാക്കി. ഡച്ച് ദമ്പതികൾക്ക് പുറമെ ഒരു ജർമൻ പൗരനുമാണ് വൈറസ് ബാധിച്ച് മരിച്ചത്. മറ്റ് നിരവധി പേർ ചികിത്സയിലുണ്ട്.
സമ്പർക്കമുണ്ടായി ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിലാണ് ഇതിൻ്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. എന്നാൽ കപ്പലിലുള്ള മറ്റ് യാത്രക്കാർക്കോ ജീവനക്കാർക്കോ നിലവിൽ രോഗലക്ഷണങ്ങളില്ലെന്ന് നെതർലാൻഡ്സ് ആസ്ഥാനമായുള്ള ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് കമ്പനി വ്യാഴാഴ്ച അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം പൊതുസമൂഹത്തിന് നിലവിൽ വലിയ ഭീഷണിയില്ല. എലികളുടെ കാഷ്ഠത്തിലൂടെയാണ് പ്രധാനമായും ഹാൻ്റാ വൈറസ് പകരുന്നത്. സാധാരണയായി ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തിൽ പകരാറില്ല. മതിയായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിച്ചാൽ വൈറസ് വ്യാപനം ഫലപ്രദമായി തടയാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ അലർട്ട് ആൻഡ് റെസ്പോൺസ് ഡയറക്ടർ ഡോ. അബ്ദിറഹ്മാൻ മഹ്മൂദ് പറഞ്ഞു.
ആദ്യ കേസ് മെയ് രണ്ടിന്
കപ്പലിലെ ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ ബുധനാഴ്ച പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കേപ് വെർഡെയ്ക്ക് സമീപം വച്ച് വിമാനമാർഗം യൂറോപ്പിലെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഏപ്രിൽ 11ന് കപ്പലിൽ വച്ച് മരിച്ച ഡച്ച് പൗരൻ്റെ മൃതദേഹം ഏപ്രിൽ 24ന് സെൻ്റ് ഹെലീന ദ്വീപിലേക്ക് മാറ്റി. അന്ന് അവിടെ ഇറങ്ങിയ ഇയാളുടെ ഭാര്യ പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയും അവിടെവച്ച് മരിക്കുകയും ചെയ്തു. അന്ന് 30 യാത്രക്കാർ കപ്പലിൽ നിന്ന് ഇറങ്ങിയെന്നാണ് കപ്പൽ നടത്തിപ്പുകാരുടെ റിപ്പോർട്ട്. എന്നാൽ ഇവരുടെ എണ്ണം നാൽപതോളം വരുമെന്ന് ഡച്ച് വിദേശകാര്യ മന്ത്രാലയം പറയുന്നു.
സെൻ്റ് ഹെലീനയിൽ എത്തി മൂന്ന് ദിവസത്തിന് ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയ ബ്രിട്ടീഷ് പൗരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ അവിടെ തീവ്രപരിചരണ വിഭാഗത്തിലാണ്. മെയ് രണ്ടിനാണ് കപ്പൽ യാത്രികന് ആദ്യമായി വൈറസ് സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സെൻ്റ് ഹെലീനയിൽ ഇറങ്ങിയ ശേഷം സ്വിറ്റ്സർലൻഡിലെത്തിയ മറ്റൊരാൾക്ക് കൂടി ബുധനാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചു.
സെൻ്റ് ഹെലീന വഴി ദക്ഷിണാഫ്രിക്കയിലെത്തി അവിടെനിന്ന് നാട്ടിലേക്ക് മടങ്ങിയ രണ്ട് പേരെ നിരീക്ഷിച്ചുവരികയാണെന്ന് സിംഗപ്പൂർ ആരോഗ്യവകുപ്പ് അറിയിച്ചു. വ്യത്യസ്ത സമയങ്ങളിലാണ് ഇവർ സിംഗപ്പൂരിൽ എത്തിയത്. സെൻ്റ് ഹെലീനയിലിറങ്ങിയവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യത കൂടുതലുള്ള കുറച്ചുപേരെ നിരീക്ഷിച്ചുവരികയാണെന്നും ഇവർ 45 ദിവസം ഐസൊലേഷനിൽ കഴിയണമെന്നും ഭരണകൂടം നിർദേശിച്ചു.
മറ്റ് രാജ്യങ്ങളിലും ജാഗ്രത
ദക്ഷിണാഫ്രിക്കയിൽ വച്ച് ഡച്ച് യാത്രക്കാരിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വിമാന ജീവനക്കാരിക്ക് ഹാൻ്റാ വൈറസ് ലക്ഷണങ്ങൾ പ്രകടമായതായി ഡച്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെ ആംസ്റ്റർഡാമിലെ ആശുപത്രിയിൽ ഐസൊലേഷനിലാക്കി പരിശോധനകൾക്ക് വിധേയമാക്കും. അസുഖം കൂടുതലായതിനാൽ യൂറോപ്പിലേക്കുള്ള യാത്രക്കിടെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഇറങ്ങിയ ഡച്ച് യാത്രക്കാരിക്ക് വിമാനത്തിലെ ഫ്ലൈറ്റ് അറ്റൻഡൻ്റുമായി സമ്പർക്കമുണ്ടായിരുന്നു. സമ്പർക്കം വഴി ജീവനക്കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചാൽ കപ്പലിൽ ഇല്ലാതിരുന്ന ഒരാളിലേക്ക് രോഗം പകരുന്ന ആദ്യ സംഭവമാകും ഇത്.
ഇതിനുപുറമെ ദക്ഷിണാഫ്രിക്കയിൽ ഇറങ്ങിയ കപ്പൽ യാത്രക്കാരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള കർശന ശ്രമത്തിലാണ് അധികൃതർ. സെൻ്റ് ഹെലീനയിൽ നിന്ന് ഏപ്രിൽ 25ന് യാത്രക്കാരുമായി ജോഹന്നാസ്ബർഗിലേക്ക് പോയ വിമാനത്തിലുള്ളവരിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരിച്ച ഡച്ച് വനിത യാത്ര ചെയ്തതും 88 പേരുള്ള ഈ വിമാനത്തിലായിരുന്നു.
സെൻ്റ് ഹെലീനയിൽ നിന്ന് ജോഹന്നാസ്ബർഗിലേക്ക് പോയ ഇത്തരം കപ്പൽ യാത്രികരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഫ്രഞ്ച് പൗരൻ നിരീക്ഷണത്തിലാണ്. 140 യാത്രക്കാരും ജീവനക്കാരുമുള്ള കപ്പൽ ശനിയാഴ്ചയോ ഞായറാഴ്ചയോടെയോ സ്പെയിനിലെ കാനറി ദ്വീപുകളിൽ എത്തും. മെയ് രണ്ടിന് മരിച്ച ജർമൻ വനിതയുടെ മൃതദേഹം ഇപ്പോഴും കപ്പലിൽ തന്നെയുണ്ട്. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗബ്രിയേസസ് കപ്പലിൻ്റെ ക്യാപ്റ്റനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
ആൻഡീസ് വകഭേദം ഭീഷണി
ലാറ്റിനമേരിക്കൻ സന്ദർശന വേളയിൽ അഞ്ച് പേരിലെങ്കിലും ആൻഡീസ് വൈറസ് എന്ന് പേരുള്ള ഹാൻ്റാ വൈറസാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ഈ വൈറസ് മാരകമായ ഹാൻ്റാ വൈറസ് പൾമണറി സിൻഡ്രോം എന്ന രോഗത്തിന് കാരണമാകുന്നു. കപ്പൽ യാത്ര തിരിക്കും മുൻപ് ഡച്ച് ദമ്പതികൾ അർജൻ്റീന, ചിലി, ഉറുഗ്വെ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ആൻഡീസ് വൈറസ് പരത്തുന്ന എലികളുള്ള പ്രദേശങ്ങളും ഇവർ സന്ദർശിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു.
അർജൻ്റീനയിലെ ഉഷുവയ പട്ടണത്തിലാണ് നിലവിൽ ആരോഗ്യവകുപ്പ് അധികൃതർ പരിശോധനകൾ കേന്ദ്രീകരിക്കുന്നത്. മാൽബ്രാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സംഘം വരും ദിവസങ്ങളിൽ ഇവിടേക്ക് എത്തും. ബ്യൂണസ് ഐറിസിൽ നിന്നും മൂന്നര മണിക്കൂർ വിമാനയാത്രയുള്ള ഇവിടുത്തെ മാലിന്യക്കൂമ്പാരങ്ങളിലെ എലികളെയാണ് വിദഗ്ധർ പരിശോധിക്കുക.
ഇതിനിടെ അർജൻ്റീനയിൽ നിന്ന് അഞ്ച് രാജ്യങ്ങളിലെ ലാബുകളിലേക്ക് 2,500 ഡയഗ്നോസ്റ്റിക് കിറ്റുകൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ലോകാരോഗ്യ സംഘടന ചെയ്തുവരികയാണ്. അർജൻ്റീനയിൽ കഴിഞ്ഞ വർഷം വൈറസ് ബാധിച്ച് 28 പേർ മരിച്ചിരുന്നു. മുൻപുള്ള അഞ്ച് വർഷങ്ങളിലെ ശരാശരി മരണനിരക്ക് 15 ആയിരുന്നു. കഴിഞ്ഞ വർഷം സ്ഥിരീകരിച്ച കേസുകളിൽ മൂന്നിലൊന്നും മരണത്തിൽ കലാശിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.






