തിരുപ്പതി വെങ്കിടേശനെ നേരിട്ട് കണ്ട് അനുഗ്രഹം തേടാന്‍ കഴിയുന്നില്ലേ? ‘

0
54

തിരുമല, തിരുപ്പതി: തിരുപ്പതി ഭഗവാന്‍റെ ഭക്തര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് നേരിട്ടെത്തി ഭഗവാന്‍റെ അനുഗ്രഹം തേടാന്‍ കഴിയുന്നില്ലേ, ഇതില്‍ നിങ്ങള്‍ ദുഃഖിതനാണോ, ഇനി വിഷമിക്കേണ്ട കേട്ടോ, ഭഗവാന്‍ അനുഗ്രഹവുമായി നിങ്ങളുടെ അരികിലേക്ക് എത്തും. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം നിരവധി മാര്‍ഗങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഇതിലൊന്നാണ് തപാല്‍ വകുപ്പുമായി സഹകരിച്ച് ആശിര്‍വചനം എന്ന പരിപാടി ആരംഭിച്ചിരിക്കുന്നത്. ഇത് പൂര്‍ണമായും ഉപയോഗിക്കണമെന്ന് ദേവസ്ഥാനം ഭക്തരോട് നിര്‍ദ്ദേശിക്കുന്നു. ഈ പരിപാടിയിലൂടെ നിങ്ങള്‍ക്ക് ക്ഷേത്രത്തിലെ വഞ്ചികളിലേക്കുള്ള സംഭാവനകള്‍ മണിയോര്‍ഡര്‍ ആയി രാജ്യത്ത് ഏത് തപാല്‍ ഓഫീസുകള്‍ വഴിയും അയക്കാം.ദേവസ്ഥാനത്തിന്‍റെ വിവിധ പദ്ധതികളിലേക്ക് ഇത്തരത്തില്‍ നിങ്ങളുടെ സംഭാവനകള്‍ എത്തിക്കാനാകും.

രസീതും ഭഗവാന്‍റെ ചിത്രവും അക്ഷതവും(പരിശുദ്ധ നെല്ല്)അടങ്ങുന്ന പ്രസാദം ദേവസ്ഥാനം തിരികെ നിങ്ങള്‍ക്ക് അയച്ച് തരും. എക്‌സിക്യൂട്ടീവ് ഓഫീസര്‍, തിരുമല തിരുപ്പതി ദേവസ്ഥാനം, അഡ്‌മിനിസ്‌ട്രേറ്റീവ് ബില്‍ഡിങ്, തിരുപ്പതി 517501 എന്ന വിലാസത്തിലാണ് മണിയോര്‍ഡറുകള്‍ അയക്കേണ്ടത്. യുപിഐ ഇടപാടുകളുടെ കാലത്തും നിരവധി ഭക്തര്‍ തിരുപ്പതി ദേവസ്ഥാനത്തേക്ക് ഇത്തരത്തില്‍ സംഭാവനകള്‍ മണിയോര്‍ഡറുകളായാണ് അയക്കുന്നത്.

2009ല്‍ തുടങ്ങിയ ഈ പദ്ധതിയിലൂടെ ഇതുവരെ മുപ്പത്തിയൊന്ന് ലക്ഷത്തിലേറെ ഭക്തര്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഏകദേശം 49.18 കോടി രൂപയാണ് ഇത്തരത്തില്‍ ഭക്തര്‍ സംഭാവന നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ദേവസ്ഥാനത്ത് 127,000 മണിയോര്‍ഡറുകള്‍ കിട്ടി. ഏകദേശം 3.13 കോടി രൂപയാണ് വഞ്ചികളിലേക്ക് കിട്ടിയത്. 2018 മുതല്‍ ഇതേ പദ്ധതി തിരുച്ചനൂരിലെ ശ്രീ പദ്‌മാവതി അമ്മവാരു ദേവിക്ക് വേണ്ടിയും ഏര്‍പ്പെടുത്തി. ഈ സൗകര്യം ഇതിനകം അയ്യായിരത്തിലേറെ ഭക്തര്‍ ഉപയോഗിച്ച് കഴിഞ്ഞു. ഇവര്‍ക്കെല്ലാം തപാല്‍ വകുപ്പ് ആശിര്‍വചനം പ്രസാദവും എത്തിച്ച് നല്‍കി.

വധൂവരന്‍മാര്‍ക്ക് വേണ്ടിയുള്ള അക്ഷതം

നവദമ്പതികള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജും ദേവസ്ഥാനം ഒരുക്കിയിട്ടുണ്ട്. അക്ഷതം, കുങ്കുമം, കങ്കണം ഭഗവാന്‍ വെങ്കിടേശ്വരന്‍റെയും പദ്‌മാവതി ദേവിയുടെയും ചിത്രം, കല്യാണ സംസ്‌കൃതി എന്ന പുസ്‌തകം തുടങ്ങിയവയാണ് ഇതിലൂടെ നവദമ്പതികള്‍ക്ക് കിട്ടുന്നത്.

ഈ പദ്ധതിയിലൂടെ ഒരു ലക്ഷത്തിലേറെ ദമ്പതികള്‍ തങ്ങളുടെ വിവാഹ ക്ഷണക്കത്ത് ഭഗവാന് അയച്ച് കൊടുക്കുകയും അവരെ ഇത്തരത്തിലുള്ള പ്രസാദം നല്‍കി ഭഗവാന്‍ അനുഗ്രഹിക്കുകയും ചെയ്‌തു കഴിഞ്ഞു. നവദമ്പതികള്‍ക്കുള്ള ഈ പ്രസാദം തയാറാക്കാനായി ക്ഷേത്രത്തിലെ അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ള ശുദ്ധപ്രതി വിഭാഗം അതായത് തപാല്‍ വകുപ്പ് മുഴുവന്‍ സമയവും അക്ഷീണം പ്രയ്‌ത്നിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here